അഴീക്കൽ തുറമുഖം: 25 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം ആറിന്
text_fieldsകണ്ണൂർ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ 25.36 കോടിയുടെ ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് 3.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കുമെന്ന് കെ.വി. സുമേഷ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രോസസിങ് യൂനിറ്റ്, ലോക്കർ മുറികൾ, ചുറ്റുമതിൽ, ഇന്റേണൽ റോഡുകൾ, കാന്റീൻ കെട്ടിടം, പാർക്കിങ് ഏരിയ, ശുചിമുറി ബ്ലോക്ക്, ഫിഷറീസ് ഓഫിസ്, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയാണ് ഒരുക്കുക. 2025ഓടെ പ്രവൃത്തി പൂർത്തിയാക്കും.
അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുഴയുടെ ഇരുകരകളിലായി പുലിമുട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹാർബറിന്റെ നിർമാണ സമയത്ത് ഹാർബർ ബേസിൻ, ബെർത്തിങ് ജെട്ടി, ഗിയർ ഷെഡ്, പീലിങ് ഷെഡ്, ബോട്ട് ബിൽഡിങ് യാർഡ് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലേല ഹാൾ, ടോയ്ലറ്റ് ബ്ലോക്ക്, വാട്ടർ ടാങ്ക്, ഐസ് പ്ലാന്റ് കെട്ടിടം എന്നിവ നിർമിച്ചു. നിലവിലെ മത്സ്യയാനങ്ങളുടെ ബാഹുല്യം, ബെർത്തിങ് സൗകര്യത്തിന്റെ അപര്യാപ്തത, മറ്റ് സൗകര്യ കുറവ് എന്നിവ കണക്കിലെടുത്താണ് ആധുനികവത്കരണത്തിനുള്ള പദ്ധതി സർക്കാറിലേക്ക് സമർപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി. സന്തോഷ്കുമാർ തുടങ്ങിയവർ മുഖ്യാതിഥികളാകും.
വാർത്തസമ്മേളനത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അനീഷ്, വാർഡംഗം ഇ. ശിവദാസൻ, ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എ. മുഹമ്മദ് അഷ്റഫ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സുനിൽകുമാർ എന്നിവരും പങ്കെടുത്തു.
കപ്പൽ വാടകക്കെടുത്ത് ചരക്കുനീക്കം പുനരാരംഭിക്കും
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് നിന്ന് സ്ഥിരമായി ചരക്കുനീക്കം സാധ്യമാക്കാൻ ശ്രമം തുടങ്ങിയതായി കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ കപ്പൽ വാടകക്കെടുത്ത് സർവിസ് നടത്താനാണ് ആലോചന. കൂടുതൽ ചരക്ക് ലഭ്യമാക്കാൻ തുറമുഖ മന്ത്രിയുടെ നേതൃത്വത്തിൽ കൂർഗിലെ കാപ്പി കയറ്റുമതി ചെയ്യുന്ന വ്യാപാരികളുമായി ചർച്ച നടത്തും. നേരത്തെ എട്ട് മാസത്തോളം അഴീക്കലിൽനിന്ന് ചരക്ക് കപ്പൽ സർവിസ് നടത്തിയിരുന്നു. എന്നാൽ, സ്ഥിരം സർവിസ് ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചു. കൃത്യമായി ഷെഡ്യൂൾ ചെയ്ത് യാത്ര നടത്താനാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി തുറമുഖ കപ്പൽ വാടകക്കെടുത്ത് സർവിസ് നടത്താൻ ഒരുങ്ങുന്നത്.
മാസംതോറും 280 ഓളം കണ്ടെയ്നറുകൾ ജില്ലയിൽനിന്നും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് കണക്ക്. ആഴ്ചയിൽ ഒരുതവണ നടത്തുന്ന യാത്രയിൽ 30 കണ്ടെയ്നറുകൾ കുറഞ്ഞത് ലഭിച്ചാൽ ലാഭകരമാകും. ജില്ലയിൽ വ്യാപാരി, വ്യവസായികൾ സഹകരിച്ചാൽ ഇത് സാധ്യമാകും. ടൈൽസ് ഉൾപ്പെടെ കൊച്ചിയിൽനിന്ന് കണ്ണൂരിലേക്ക് റോഡ് മാർഗമാണ് എത്തിക്കുന്നത്. നേരത്തെ അഴീക്കലിലേക്ക് കപ്പൽ സർവിസ് നടത്തിയപ്പോൾ ജില്ലയിലെ വ്യാപാരികൾക്ക് 50 ശതമാനത്തോളം ലാഭം ചരക്കുനീക്കത്തിൽ ലഭിച്ചിരുന്നു. കൂർഗിലെ കാപ്പി വ്യവസായികൾ ഉൾപ്പെട മംഗലാപുരം വഴിയാണ് ചരക്കുനീക്കം നടത്തുന്നത്. അടുത്ത മാസം തുറമുഖ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇവരുമായി ചർച്ച നടത്തും. അഴീക്കൽ അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിന്റെ നിർമാണം അടുത്തവർഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു. 3698 കോടി രൂപ ചെലവിൽ മൂന്ന് ഘട്ടമായാണ് നിർമാണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

