കിടപ്പുരോഗികൾക്ക് ‘അരികെ’ സാന്ത്വനം
text_fieldsഅരികെ’ സാന്ത്വന പരിചരണ പദ്ധതിയിലൂടെ ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക് ലഭ്യമാകും
കണ്ണൂർ: കിടപ്പിലായ രോഗികൾക്ക് സാന്ത്വനമാകാൻ ആയുർവേദ മെഡിക്കൽ സംഘത്തിന്റെ ‘അരികെ’ പദ്ധതി വ്യാപിപ്പിക്കുന്നു. മാസത്തിൽ ഒരു തവണ രോഗികളെ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കും. തദ്ദേശസ്ഥാപനങ്ങളിലെ ആയുർവേദ, ഹോമിയോ ആശുപത്രികളിലെ മെഡിക്കൽ സംഘം കിടപ്പുരോഗികളെ സന്ദർശിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.
‘അരികെ’ സാന്ത്വന പരിചരണ പദ്ധതി മുഖാന്തരമാണ് ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക് ലഭ്യമാക്കുന്നത്. നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ അലോപ്പതി മെഡിക്കൽ സംഘം കിടപ്പിലായ രോഗികളെ സന്ദർശിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ആയുർവേദ, ഹോമിയോ വിഭാഗങ്ങളുടെ സേവനം കൂടി ഉറപ്പാക്കുന്നത്. ഡോക്ടർ, നഴ്സ് എന്നിവരടങ്ങുന്ന സംഘമാണ് രോഗികളെ പരിശോധിക്കുക.
ആവശ്യമായവർക്ക് കിടത്തിചികിത്സയും ഉറപ്പാക്കും. ഇതിനായി ആശുപത്രികളിൽ പ്രത്യേകം കിടക്കകൾ സജ്ജമാക്കും. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് ചികിത്സ നൽകുക. ഇതിനായി ആയുർവേദ, ഹോമിയോ ആശുപത്രികളെയോ പഞ്ചായത്തംഗങ്ങളെയോ ബന്ധപ്പെടാം. പഞ്ചായത്തുതലത്തിൽ ആയുർവേദ, ഹോമിയോ സംഘങ്ങൾ രോഗി സന്ദർശനം തുടങ്ങിയിട്ടുണ്ട്.
തടവൽ, ഉഴിച്ചിൽ പോലെയുള്ള സേവനങ്ങൾ ഗൃഹസന്ദർശനത്തിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഇതിനായി ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള രോഗികളെ സന്ദർശിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വാഹനം ഒരുക്കിയിട്ടുണ്ട്.
വകുപ്പുതലത്തിൽ നടപ്പാക്കുന്ന സ്നേഹധാര പദ്ധതി പ്രകാരം കിടപ്പുരോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്. മാലൂർ, ചിറക്കൽ പഞ്ചായത്തുകളിൽ പദ്ധതി നല്ലരീതിയിൽ നടപ്പാക്കുന്നുണ്ട്. ആയുർവേദ ആശുപത്രികളിൽ മെഡിക്കൽ ഓഫിസർമാരുടെ കുറവുള്ളതിനാൽ ഗൃഹസന്ദർശനം നടത്തുന്ന ദിവസങ്ങളിൽ ഒ.പി പ്രവർത്തനം താളംതെറ്റും. ജില്ലയിൽ നിലവിൽ ഇരുപതിലേറെ ആശുപത്രികളിൽ മെഡിക്കൽ ഓഫിസർമാരില്ല.
15 ആശുപത്രികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

