സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ ഒത്തുതീർപ്പിന് ശ്രമം
text_fieldsപേരാവൂർ: ഒരു കോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. ടിക്കറ്റ് തിരിച്ചു നൽകാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ടു. കേസിലുൾപ്പെട്ടവരുടെ ബന്ധുക്കൾ ടിക്കറ്റിന്റെ ഉടമസ്ഥനായ എ.കെ.സാദിഖിന്റെ സുഹൃത്തുക്കളുമായി ഒത്തുതീർപ്പിന് സാധ്യതയൊരുക്കുന്നതായാണ് വിവരം. ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പേരാവൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെങ്കിൽ ഇരു ഭാഗവും ഒരുമിച്ച് കോടതിയിൽ ഹരജി നൽകണമെന്നതിനാൽ ഇരു ഭാഗവും ധാരണയിലെത്തിയതായാണ് വിവരം.
സമ്മാനാർഹമായ ടിക്കറ്റ് സമ്മാനം ലഭിച്ച തീയതി മുതൽ 90 ദിവസത്തിനകം ഹാജരാക്കണമെന്നാണ് പുതിയ നിയമം. മുമ്പ് ഇത് ഒരു മാസമായിരുന്നു. ഡിസംബർ 30നാണ് സാദിഖിന് സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റാണ് തട്ടിയെടുത്തത്. സർക്കാർ നൽകുന്ന തുകയേക്കാൾ അധികം നൽകാമെന്ന് പറഞ്ഞാണ് സംഘം സാദിഖിനെ സമീപിച്ചത്. എന്നാൽ ടിക്കറ്റ് കൈയിൽ കിട്ടിയതോടെ പണം നല്‌കാതെ സംഘം രക്ഷപ്പെടുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടതോടെ സാദിഖ് പേരാവൂർ പൊലീസിൽ പരാതി നൽകുകയും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് ഒഴിവാക്കാനുള്ള ആവശ്യവുമായി ലോട്ടറി തട്ടിയെടുത്ത സംഘം സാദിഖിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടത്. മേൽക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കിയാൽ ടിക്കറ്റ് സാദിഖിന് തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

