എ.ടി.എം കൊള്ളക്ക് ശ്രമം; നാലാം ദിനം പ്രതിയെ കുടുക്കി പൊലീസ്
text_fieldsഇരിക്കൂർ: ചെങ്കൽപ്പണ നിർത്തിവെച്ചപ്പോൾ പണിയില്ലാതായി. നാട്ടിലേക്ക് മടങ്ങും മുമ്പ് കുറച്ച് പണവുമായി മുങ്ങണം. പിന്നീട് തിരികെ വരേണ്ടതില്ല. അതായിരുന്നു സെയ്ദുൽ ഇസ് ലാമിന്റെ മോഹം.
എന്നാൽ, പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ നാലാം ദിനം പ്രതി കുടുങ്ങി. കഴിഞ്ഞ നാലിന് പുലർച്ച 12.30നാണ് ഇരിക്കൂർ പൊലീസ് സ്റ്റേഷന് സമീപത്തെ കനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമിച്ചത്. ഡൽഹിയിലെ ഓഫിസിൽ തത്സമയം വിവരം ലഭിച്ചതിനാൽ ഉടൻ ഇരിക്കൂർ പൊലീസിന് വിവരം കൈമാറി. പൊലീസ് സംഘം കുതിച്ചെത്തിയപ്പോൾ
എ.ടി.എം കവർച്ചക്കെത്തിയയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് രാത്രി മുതൽ പൊലീസ് 200 ഓളം സി.സി ടി.വി കാമറകളാണ് പരിശോധിച്ചത്. തുടർന്ന് ഡിവൈ.എസ്.പി കെ.വി. പ്രമോദന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
ഫോൺ ലൊക്കേഷനും കാമറകളും വിശദമായി പരിശോധിച്ച അന്വേഷണ സംഘത്തിന് പകൽ സമയ കാമറ ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ സൂചന കിട്ടി. ഒപ്പം ഫോൺ ലൊക്കേഷനും. പിന്നാലെ എ.ടി.എമ്മിലെ മുഖം മൂടി ചിത്രവും കൂട്ടിവെച്ചപ്പോൾ എല്ലാം വ്യക്തം. പകൽ സമയം എ.ടി.എം കൗണ്ടർ പരിസരത്തുവന്ന് ഏറെനേരം നിരീക്ഷിച്ച് മടങ്ങിയ പ്രതിയുടെ ദൃശ്യമാണ് തുമ്പായത്. ഒരു ദിനം മുഴുവൻ പ്രതിയെ പൊലീസ് നിരീക്ഷിച്ചു.
പണം കിട്ടാത്തതിനാൽ ഇയാൾ നാട്ടിലേക്ക് മടങ്ങിയതുമില്ല. ശനിയാഴ്ച ഉച്ചയോടെ കല്യാട് ചുങ്കസ്ഥാനത്തുവെച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത് തെളിവുകൾ നിരത്തിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. അതിവേഗം പ്രതിയെ പിടികൂടാൻ കഴിഞ്ഞ അന്വേഷണ സംഘത്തെ റൂറൽ ജില്ല പൊലീസ് മേധാവി അനൂജ് മലിവാൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

