എ.ടി.എം തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ എ.ടി.എം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന കേസും പ്രതിയുടെ ൈകയിലെ എ.ടി.എം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരൻ തട്ടിയെടുത്ത സംഭവവും ഇനി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ഈ കേസിൽ തളിപ്പറമ്പ് സ്റ്റേഷനിലെ സി.പി.ഒ ഇ.എൻ. ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിെൻറ എ.ടി.എം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന സംഭവത്തിലാണ് ഏപ്രിൽ മൂന്നാം തീയതി ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകുലിെൻറ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം കാർഡ് കൈക്കലാക്കിയാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സി.പി.ഒ ശ്രീകാന്ത് 50,000 രൂപ കൈക്കലാക്കിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ നിർദേശാനുസരണം സി.ഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ ശ്രീകാന്തിനു പങ്കുണ്ടെന്ന് വ്യക്തമാകുകയും റൂറൽ എസ്.പി നവനീത് ശർമ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതും.
കൂടുതൽ അന്വേഷണത്തിനായി കുടിയാന്മല സി.ഐ അരുൺ പ്രസാദിനെയായിരുന്നു ഏൽപിച്ചിരുന്നത്. എന്നാൽ, രണ്ടും സമാന കേസുകളായതിനാൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് റൂറൽ എസ്.പി കൈമാറുകയായിരുന്നു.