നിയമസഭ തെരഞ്ഞെടുപ്പ്; ധർമടത്ത് അങ്കം ക്യാപ്റ്റനോട്
text_fieldsവേങ്ങാട് പര്യടനത്തിനിടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പിണറായി വിജയന് കണിക്കൊന്ന നൽകുന്ന കുട്ടികൾ
ധർമടം: ചരിത്രത്തിലാദ്യമായി തുടർഭരണത്തിലേക്ക് ഇടതു മുന്നണിയെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതും അങ്കത്തിനിറങ്ങിയ മണ്ഡലമാണ് ധർമടം. മണ്ഡലം രൂപവത്കരണം മുതൽ ഇടതിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ധർമടത്തിന്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ സംഭാവന ചെയ്ത ധർമടം മണ്ഡലത്തിൽ പിണറായി വിജയന്റെ ജയം വീണ്ടും പാർട്ടി ഉറപ്പാക്കിയെങ്കിലും ഭരണം കിട്ടുമോ എന്ന കാര്യത്തിൽ മാത്രമാണ് സന്ദേഹം.
മുഖ്യമന്ത്രിയുടെ ജന്മനാടും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് പുതിയ വേഗം കൈവരിച്ച കാലഘട്ടംകൂടിയായിരുന്നു ഇത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി മെംബറുമായ അഡ്വ. വി.പി. അബ്ദുൽ റഷീദാണ് പിണറായി വിജയന്റെ പ്രധാന എതിരാളി. 2021ലെ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്തും രംഗത്തുണ്ട്. ബി.ജെ.പിക്കും മോശമല്ലാത്ത സ്വാധീനം ധർമടം മണ്ഡലത്തിലുണ്ട്.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് കൂടിവരുന്നതാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നത്. 2011ലാണ് മണ്ഡലം നിലവിൽവന്നത്. അടുത്തിടെ അന്തരിച്ച കെ.കെ. നാരായണനായിരുന്നു മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി. 2016ലും 2021ലും പിണറായി വിജയനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50,123 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
എടക്കാട് ബ്ലോക്കിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, ധർമടം, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട് പഞ്ചായത്തുകളും ചേർന്നതാണ് ധർമടം നിയമസഭ മണ്ഡലം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈയേ ഉണ്ടായുള്ളൂ. ആകെയുള്ള 165 ബൂത്തുകളിൽ 80ൽ യു.ഡി.എഫിനും 85ൽ എൽ.ഡി.എഫിനുമായിരുന്നു ഭൂരിപക്ഷം.
വോട്ടിന്റെ എണ്ണം നോക്കിയാൽ 2616 മാത്രം. എൽ.ഡി.എഫ് - 71,794, യു.ഡി.എഫ് - 69,178, ബി.ജെ.പി- 16,711 എന്നിങ്ങനെയായിരുന്നു വോട്ടുനില. ഇതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ ഉയർത്തുന്ന ഒരു ഘടകം. പക്ഷേ, പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫിന്റെ കൂടെയായി. കടമ്പൂർ പഞ്ചായത്ത് അവർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ അഭൂതപൂർവമായ വികസനം മണ്ഡലത്തിൽ ഉണ്ടായെന്നത് ആരും മറച്ചുവെക്കുന്നില്ല. ആതുരസേവനരംഗത്തും പശ്ചാത്തലമേഖലയിലും ഐ.ടി വികസനത്തിലുമുൾപ്പെടെ വലിയ കുതിച്ചുചാട്ടമാണ് മണ്ഡലത്തിലുണ്ടായത്.
വിദ്യാഭ്യാസ മേഖലയിൽ 194.85 കോടിയുടെയും ആരോഗ്യരംഗത്ത് 83 കോടിയിലധികം രൂപയുടെയും ഐ.ടി മേഖലയിൽ 6000 കോടി രൂപയുടെയും ടൂറിസം രംഗത്ത് 83 കോടി രൂപയുടേതുൾപ്പെടെയുള്ള വികസന പദ്ധതികളാണ് നടന്നുവരുന്നത്. അതുതന്നെയാണ് ഇടതു മുന്നണിയുടെ പ്രചാരണായുധമെങ്കിൽ ഭരണവിരുദ്ധവികാരം ഉയർത്തിക്കാട്ടി അത് വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

