അഭിമാന പോരാട്ടമാണ് ഇക്കുറി പയ്യന്നൂരിൽ
text_fieldsപയ്യന്നൂർ: സി.പി.എം പുറത്താക്കിയ മുൻ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരരംഗത്തെത്തുകയും യു.ഡി.എഫ് പിന്തുണക്കുകയും ചെയ്തതിലൂടെ കേരളം ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറിയ മണ്ഡലമാണ് പയ്യന്നൂർ. അതുകൊണ്ടു തന്നെ പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഇക്കുറി ഇരു മുന്നണികളുടെയും അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിർത്തുകയെങ്കിലും ചെയ്യേണ്ടത് എൽ.ഡി.എഫിനെ സംബന്ധിച്ച് അനിവാര്യമാണ്. വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളുടെ മുനയൊടിക്കാൻ ഇതിലൂടെ കഴിയുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. എന്നാൽ, പയ്യന്നൂരിന്റെ ചരിത്രം മാറ്റിയെഴുതാനാവുമെന്ന പ്രതീക്ഷയിലാണ് മറുപക്ഷം.
അഴിമതിക്കെതിരായ പോരാട്ടമാണ് തന്റേതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. വിജയിക്കാനായില്ലെങ്കിലും ഭൂരിപക്ഷം കുറച്ച് പുസ്തകത്തിലെ വിമർശനം ശരിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കണം. മാത്രമല്ല, യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതിലൂടെ ചരിത്രം മാറ്റിയെഴുതാനാവുമെന്ന പ്രതീക്ഷയും കുഞ്ഞികൃഷ്ണനുണ്ട്.
തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലത്തിൽ ആരോപണങ്ങൾ അവഗണിച്ച് രണ്ടാമങ്കത്തിന് ടി.ഐ. മധുസൂദനനെ തന്നെ ഇറക്കുകയായിരുനു സി.പി.എം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ ഉണ്ടാക്കി രംഗത്തിറങ്ങിയിരുന്നു. പ്രഖ്യാപനം വന്ന ഉടൻ നടത്തിയ റോഡ് ഷോ ഇടതിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. രണ്ടാം ഘട്ടമെന്ന നിലയിൽ മണ്ഡലപര്യടനത്തിന് വ്യാഴാഴ്ച മണിയറയിൽ തുടക്കം കുറിക്കുകയുംചെയ്തു. ഇ.പി. ജയരാജനാണ് പര്യടനതുടക്കം ഉദ്ഘാടനംചെയ്തത്.
ടി.ഐ. മധുസൂദനൻ മത്സരരംഗത്തെത്തിയാൽ താൻ സ്വതന്ത്രനായി ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച കുഞ്ഞികൃഷ്ണൻ വാക്ക് പാലിച്ച് തെരഞ്ഞെടുപ്പു ഗോദയിലെത്തിയെങ്കിലും ട്രാക്കിലെത്താൻ വൈകി. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് യു.ഡി.എഫ് നയം വ്യക്തമാക്കിയത്. ഇതോടെയാണ് കുഞ്ഞികൃഷ്ണൻ സജീവമായതെന്നു പറയാം. ആദ്യ ഘട്ടമെന്ന നിലയിൽ പ്രമുഖരെ കണ്ട് വോട്ടഭ്യർഥിക്കുന്നതിനാണ് പ്രാധാന്യം കൊടുത്തത്.
സമൂഹമാധ്യമങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ പങ്കെടുത്ത മണ്ഡലം കൺവെൻഷനോടെ യു.ഡി.എഫ് ക്യാമ്പ് ഉണർന്നിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി തളിപ്പറമ്പ് സ്വദേശി എ.പി. ഗംഗാധരൻ പ്രചാരണം സജീവമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 93,695 വോട്ടാണ് ടി.ഐ. മധുസൂദനൻ നേടിയത്. കോൺഗ്രസിലെ എം. പ്രദീപ്കുമാറിന് 43,915 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ കെ.കെ. ശ്രീധരന് ലഭിച്ചത് 11,808 വോട്ട്. എൽ.ഡി.എഫ് ഭൂരിപക്ഷം 49,780. വലതുകാറ്റ് വീശിയ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പയ്യന്നൂർ എൽ.ഡി.എഫിനെ കൈയൊ ഴിഞ്ഞിരുന്നില്ല. എന്നാൽ, ഭൂരിപക്ഷം 13,257ലേക്ക് ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

