പൊലീസ് സ്റ്റേഷനില്‍ അതിക്രമം; 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
text_fieldsപെരിങ്ങോം: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അറസ്റ്റിലായ പ്രതിയെ ഇറക്കിക്കൊണ്ടുപോകാനും പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതിനും 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഫെബ്രുവരി 25ന് പെരിങ്ങോം താലൂക്കാശുപത്രി ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാട്ടാനുള്ള ശ്രമത്തിനിടെ യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഷജീര്‍ ഇക്ബാലിനെ ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
ഈ കേസിലെ പ്രതിയായ സി.വി. വിഷ്ണുപ്രസാദിനെ (28) പെരളം കൊഴുമ്മലിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ തട്ടിക്കയറുകയും പ്രതിയെ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഘര്‍ഷത്തിനിടെ എസ്.എച്ച്.ഒ ടി.കെ. മുകുന്ദന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. പൊലീസുകാര്‍ ബലം പ്രയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ പുറത്താക്കി ഗേറ്റടച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. തുടര്‍ന്ന് എസ്.എച്ച്.ഒ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ നിധിന്, സിധിന്‍, രാധാകൃഷ്ണന്, മനീഷ്, വിഷ്ണുപ്രസാദ് എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ നിധിനെയും വിഷ്ണുപ്രസാദിനെയും അറസ്റ്റുരേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

