സ്കൂട്ടറിലെത്തി സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ
text_fieldsന്യൂമാഹി: തലശ്ശേരി, കൂത്തുപറമ്പ് മേഖലയിൽ ചൊവ്വാഴ്ച രാവിലെ മണിക്കൂറുകൾക്കകം മൂന്ന് സ്ഥലത്ത് സ്വർണമാല പിടിച്ചുപറിച്ച പ്രതിയെ ന്യൂമാഹി പൊലീസ് അറസ്റ്റുചെയ്തു. കാസർകോട് കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപം ഷംനാസ് മന്‍സില്‍ മുഹമ്മദ് ഷംനാസിനെ (32)യാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചക്ക് കോടിയേരി ഓണിയൻ സ്കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം ഭാർഗവിയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണമാല എതിർ ദിശയിൽ നിന്ന് ഇരുചക്ര വാഹനത്തിൽ വന്നയാൾ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവത്തെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഭാര്യയുടെ പേരിലുള്ള യമഹ ഫാസിന സ്കൂട്ടറിൽ നമ്പർ പ്ലേറ്റ് മാറ്റിയാണ് ഇയാൾ കവർച്ച നടത്തിയത്.
രണ്ടുമാസം മുമ്പ് നാദാപുരത്തും സമാനമായി മോഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടു പിടിക്കാൻ സാധിച്ചിരുന്നില്ല. ബേക്കൽ പൊലീസിന്റെ സഹായത്തോടെ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശോബ്, പി.സി. രവീന്ദ്രൻ, കെ. പ്രമോദ്, എ.എസ്.ഐ പ്രസാദ്, സീനിയർ സി.പി.ഒ ഷോജേഷ്, സി.പി.ഒ ലിബിൻ, കലേഷ്, സായൂജ്, റിജിൽ നാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇതേദിവസം തലായി ഗോപാലപേട്ടയിലെ സ്കൂളിലെ പാചകത്തൊഴിലാളി കതിരൂർ നാലാം മൈലിലെ ശശികലയുടെ കഴുത്തിൽനിന്ന് സ്വർണ മാലയും കൂത്തുപറമ്പിൽ നിന്ന് സ്ത്രീയുടെ ചെയിൻ അപഹരിച്ചതും ഷംനാസ് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

