പാരലൽ കോളജുകൾ ഊർധ്വൻ വലിക്കുന്നു
text_fieldsകണ്ണൂർ: വിദ്യാഭ്യാസ രംഗത്ത് സാധാരണക്കാർക്ക് ആശ്രയമായിരുന്ന പാരലൽ കോളജുകൾ ഊർധ്വൻ വലിക്കുന്നു. നാലു വർഷം കൊണ്ട് ജില്ലയിൽ മാത്രം നൂറോളം പാരലൽ കോളജുകൾ പൂട്ടി. സമാന്തര വിദ്യാഭ്യാസ മേഖല എന്നറിയപ്പെട്ടിരുന്ന പാരലൽ കോളജുകൾ തലശ്ശേരി പോലുള്ള നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയായിരുന്നു.
പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം നൽകിയതോടൊപ്പം ഒട്ടേറെ പേർക്ക് തൊഴിൽ നൽകിയ മേഖല കൂടിയാണിത്.
ജില്ലയിൽ കോവിഡിന് മുമ്പ് 150 പാരലൽ കോളജുകൾ പ്രവർത്തിച്ചതിൽ ഇപ്പോൾ ബാക്കിയുള്ളത് 50 എണ്ണം മാത്രമാണെന്ന് പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 2020ൽ ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റി നിലവിൽ വന്നതോടെ കേരളത്തിലെ മറ്റൊരു സർവകലാശാലയിലും പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിഭാഗം കോഴ്സുകളും തുടങ്ങാൻ പാടില്ലെന്ന ചട്ടം വന്നതാണ് പാരലൽ കോളജുകൾക്ക് പൂട്ടു വീഴാൻ പ്രധാന കാരണം.
സാധാരണക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസവും അഭ്യസ്തവിദ്യർക്ക് തൊഴിലും നൽകി ഏഴു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന വലിയൊരു പ്രസ്ഥാനമാണ് ഇതോടെ മരണവക്രത്തിലായത്. ഓപൺ യൂനിവേഴ്സിറ്റി നിയമത്തിലെ 47 (2), 72 വകുപ്പുകൾ പ്രകാരമാണ് മറ്റു സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷന് തടയിട്ടത്.
കണ്ണൂർ യൂനിവേഴ്സിറ്റി മാത്രമാണ് ഇതിനെ മറികടന്ന് കോഴ്സുകൾ തുടങ്ങിയത്. പക്ഷേ, ആദ്യഘട്ടത്തിൽ ശ്രീ നാരായണയിൽ ഇല്ലാത്ത കോഴ്സുകൾ മാത്രമാണ് കണ്ണൂരിൽ തുടങ്ങിയത്. മറ്റു കോഴ്സുകൾ ആരംഭിക്കാൻ വൈകി.
ഇതോടെ, വിദ്യാർഥികൾ പലരും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റും പഠനത്തിനായി പോയി. സ്വാശ്രയ കോളജുകളിൽ പഠിക്കാൻ പണമില്ലാത്ത, മാർക്ക് കുറഞ്ഞ വിദ്യാർഥികളുടെ ആശ്രയമാണ് ഇതോടെ ഇല്ലാതാവുന്നത്.
അഫ്ദലുൽ ഉലമ കോഴ്സുകളിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും പഠിച്ചിരുന്ന പതിനായിരക്കണക്കിന് കുട്ടികളും സ്ഥാപനങ്ങളും ഇതോടെ പ്രതിസന്ധിയിലാണ്.
ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന നൂറുക്കണക്കിന് അധ്യാപകരെയും അനധ്യാപകരെയും അവരുടെ കുടുംബങ്ങളും പട്ടിണിയിലാവുമെന്ന ആശങ്കയുമുണ്ട്. ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും 40 വയസ്സ് കഴിഞ്ഞവരായതിനാൽ മറ്റു തൊഴിലുകൾ കണ്ടെത്തുന്നതും ബുദ്ധിമുട്ടാവും.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാനത്തെ 140 എം.എൽ.എമാർക്കും മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.
ഇന്ന് സമാന്തര വിദ്യാഭ്യാസ സംരക്ഷണ റാലി
കണ്ണൂർ: സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സമാന്തര വിദ്യാഭ്യാസ സംരക്ഷണ റാലിയും സംഗമവും സംഘടിപ്പിക്കും. പാരലൽ കോളജുകളിലേയും അറബിക് കോളജുകളിലേയും സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് റാലി നടത്തുന്നത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് ചേംബർ ഹാളിന് മുമ്പിൽ റാലി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

