കണ്ണൂർ കന്റോൺമെന്റ് പ്രദേശം വീണ്ടും വഴിയടക്കാൻ പട്ടാളം
text_fieldsകണ്ണൂർ: ഒരിടവേളക്കു ശേഷം കണ്ണൂർ നഗരത്തിൽ വീണ്ടും പട്ടാളം വക വഴിയടക്കൽ ഭീഷണി. കണ്ണൂർ കന്റോൺമെന്റ് പ്രദേശത്തെ പ്രധാന വഴികളും പ്രദേശങ്ങളുമടക്കം ഡിഫൻസ് ഭൂമിയായി പ്രഖ്യാപിച്ച് സുരക്ഷ മേഖലയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഉത്തരവ് നിലവിൽ വന്നാൽ കണ്ണൂർ ജില്ല ആശുപത്രി ബസ് സ്റ്റാൻഡ് റോഡ്, അഞ്ചുകണ്ടി ചിറക്കൽ കുളം റോഡ്, ആയിക്കര ഫിഷ് മാർക്കറ്റ് മുന്നിലെ എം.ഇ.എസ് റോഡ് എന്നിവ അടക്കം അടച്ചുപൂട്ടും.
ആശുപത്രിയിലെത്തുന്ന രോഗികളടക്കം ആയിരക്കണക്കിനാളുകൾ ഇതോടെ ദുരിതത്തിലാവും. നേരത്തെ കന്റോൺമെന്റ് ഏരിയയിൽ പലയിടത്തും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവും വിധം വഴിയടക്കലും നിയന്ത്രണവും ഏർപ്പെടുത്താൻ ശ്രമമുണ്ടായിരുന്നെങ്കിലും ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായി പിൻവലിച്ചിരുന്നു.
മൂന്ന് വർഷം മുമ്പ് ഡിഫൻസ് ലാൻഡ് എന്ന ബോർഡ് സ്ഥാപിച്ച് ഡി.എസ്.സി അധികൃതർ സ്കൂളിന് മുൻവശം മൈതാനിയുടെ രണ്ട് ഭാഗം ഇരുമ്പു കമ്പിവേലി ഉപയോഗിച്ച് അടച്ചിരുന്നു. സ്കൂളിലേക്ക് വാഹനങ്ങള്‍ കടക്കുന്ന ഏകവഴിയും ഡി.എസ്.സി തടസ്സപ്പെടുത്തിയതോടെ സ്കൂൾ ഹൈകോടതിയെ സമീപിച്ചിരുന്നു. അഞ്ചുകണ്ടി ചിറക്കൽ കുളം റോഡ് അടച്ചാൽ ആശുപത്രി ബസ് സ്റ്റാൻഡിലെത്താൻ യാത്രക്കാർ മൂന്ന് കിലോമീറ്ററോളം ചുറ്റണം.
ആയിക്കരമത്സ്യമാർക്കറ്റിൽനിന്ന് എളുപ്പത്തിൽ നഗരത്തിലെത്താനാവുന്ന റോഡും അടച്ചേക്കുമെന്നാണ് വിവരം. ജനങ്ങളുടെ വഴിയടക്കുന്ന കന്റോൺമെന്റ് അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരണമെന്നും കോർപറേഷൻ ഇടപെടണമെന്നും കൗൺസിലർ കെ.എം. സാബിറ പറഞ്ഞു.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കന്റോൺമെന്റ് വഴികളും പ്രദേശങ്ങളും അടക്കുന്നത്. കണ്ണൂര്‍ ഡി.എസ്.സി (ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്) സെന്റർ സ്ഫോടനത്തിലൂടെ തകർക്കുമെന്ന് ഭീഷണി സെപ്റ്റംബർ 23ന് രാവിലെ ഡി.എസ്.സി റെക്കോഡ്സ് വിഭാഗത്തിലെ ഇ-മെയിൽ സെക്ഷനിലാണ് ഭീഷണി സന്ദേശമെത്തിയിരുന്നു.
സൈനികരും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഭീഷണിയെ തുടർന്ന് ശക്തമായ സുരക്ഷയും നിയന്ത്രണവുമാണ് സെന്ററിനകത്തും പുറത്തുമായി ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

