ആറളത്ത് കാട്ടാന വീടിന്റെ ഷെഡ് തകർത്തു; വയോധികക്ക് പരിക്ക്
text_fieldsആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ മോഴയാന ആക്രമിച്ച മായ സനിലിന്റെ വീട്
പേരാവൂർ: ആറളത്ത് കാട്ടാന ആക്രമണത്തിൽ നിന്ന് ഏഴംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ പ്ലോട്ട് നമ്പർ 114ൽ താമസിക്കുന്ന സനിലിന്റെയും ഭാര്യ മായയുടേയും വീടിന് നേരെയാണ് അപകടകാരിയായ മോഴയാന ആക്രമണം നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ നടന്ന ആക്രമണത്തിൽ വീടിന് മുന്നിലെ ഷെഡും വീട്ടുപകരണങ്ങളും തകർന്നു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് സനിലിന്റെ അമ്മൂമ്മ ശാന്ത(70)വീണ് മുട്ടിന് പരിക്കേറ്റത്.
അമ്മൂമ്മ വീടിന് പുറത്തുള്ള ശുചിമുറിയിൽ നിന്ന് മടങ്ങിവരുന്നതിനിടെയാണ് വഴിയിൽ നിന്നിരുന്ന മോഴയാന വീടിന് നേരെ പാഞ്ഞെത്തിയത്. മായയും അമ്മൂമ്മയ്ക്കൊപ്പം പുറത്തുണ്ടായിരുന്നു. സനിലും സഹോദരനും വീടിന് പുറത്തുള്ള സ്ഥലത്ത് ഉറങ്ങുകയായിരുന്നു. ആനയുടെ ശബ്ദം കേട്ട് നാലുപേരും വീടിനുള്ളിലേക്ക് ഓടിക്കയറി. ഇതിനിടെ മുറ്റത്തുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ ആന ചവിട്ടി നശിപ്പിച്ചു.
വാതിൽ പോലും ഘടിപ്പിക്കാത്ത, അടച്ചുറപ്പില്ലാത്ത വീടാന്‍ണ് ഇവരുടേത്. ആനയുടെ ആക്രമണത്തിൽ നിന്ന് ഏഴംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന് മുന്നിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷെഡ് ആന തകർത്തു. വീടിന് ഘടിപ്പിക്കാൻ വാങ്ങിവെച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റ് എന്നിവയും ചവിട്ടി നശിപ്പിച്ചു. ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയ ശേഷമാണ് പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. സംഭവസമയത്ത് സനിൽ, മായ, മായയുടെ പിതാവ് ശശി, മാതാവ് പുഷ്പ, സനിലിന്റെ അമ്മമ്മ, രണ്ട് സഹോദരങ്ങൾ എന്നിവരടക്കം ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്.
മോഴയാനയെ പിടികൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി. ആറളം മേഖലയിൽ നിരന്തരം ഭീതി വിതക്കുന്ന അതേ മോഴയാനയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബ്ലോക്ക് 13ലും 10ലും വെള്ളി, ലീല, അനീഷ് എന്നിവർ ഈ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

