ആറളത്തെ കുടുംബങ്ങളുടെ സ്വപ്നങ്ങൾ സഫലമാകുമോ?
text_fieldsകേളകം: ആറളം ഫാമിൽ അരനൂറ്റാണ്ടിലേറെയായി പുനരധിവാസം സ്വപ്നം കണ്ട് കഴിയുന്ന പുരാതന കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളക്കുന്നു. വർഷങ്ങളായി നേരിട്ടിരുന്ന നിയമക്കുരുക്കുകൾ ഒഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ഈ കുടുംബങ്ങൾ. ആറളത്തെ ജന്മിയായിരുന്ന എ.കെ. കുഞ്ഞമ്മായൻ ഹാജിയുടെ 7500 ഏക്കർ ഭൂമി സർക്കാരിന് വിട്ടുനൽകുമ്പോൾ, തന്നോടൊപ്പം അധ്വാനിച്ച മുസ്ലിം-ആദിവാസി കുടുംബങ്ങൾക്ക് അർഹമായ ഭൂമി നൽകി പുനരധിവസിപ്പിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ, ഇതിൽ 32 മുസ്ലിം കർഷക കുടുംബങ്ങളുടെ പുനരധിവാസം യാഥാർഥ്യമായില്ല. പിന്നീട് 12 കുടുംബങ്ങൾക്ക് ആറളത്തും 5 കുടുംബങ്ങൾക്ക് പടിയൂരിലും ഭൂമി നൽകിയെങ്കിലും ബാക്കിയുള്ള കുടുംബങ്ങളുടെ പുനരധിവാസം നീണ്ടുപോവുകയായിരുന്നു. 2016 ഫെബ്രുവരി 23ന് ഇരിട്ടി വള്ളിയാട് വയലിൽ സർവ്വേ നമ്പർ 46-ൽ ഉൾപ്പെട്ട 15 സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചെങ്കിലും നിയമതടസ്സങ്ങളും കോടതി സ്റ്റേയും കാരണം ഭൂമി അളന്നുതിരിച്ചു നൽകാൻ സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കേസിന്റെ നിയമക്കുരുക്കുകൾ പൂർണമായും അഴിഞ്ഞതോടെ റവന്യൂ വകുപ്പ് പുനരധിവാസ നടപടികൾ വീണ്ടും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഭൂമി നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തുകയും ഇരിട്ടി തഹസിൽദാർ തലത്തിൽ പ്രശ്നപരിഹാരത്തിനുള്ള തടസ്സങ്ങൾ നീങ്ങിയതായി അറിയിക്കുകയും ചെയ്തതോടെ തങ്ങളുടെ മണ്ണിൽ വീടുയരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവിടുത്തെ കുടുംബങ്ങൾ. പട്ടയം ലഭിച്ച ഭൂമി കൃത്യമായി അളന്നുതിരിച്ചു നൽകുന്നതിനൊപ്പം പ്രഖ്യാപിച്ച വീടുനിർമാണ ധനസഹായവും ഉടൻ ലഭ്യമാക്കണമെന്ന ആക്ഷൻ കമ്മറ്റിയുടെയും നാട്ടുകാരുടെയും ആവശ്യത്തിനും ഉടൻ പരിഹാരമാകുമെന്നാണ് കരുതുന്നത്. നീതിക്കായുള്ള ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ, സ്വന്തം മണ്ണിൽ തലചായ്ക്കാൻ ഒരിടമെന്ന ആറളത്തെ കുടുംബങ്ങളുടെ തലമുറകളായുള്ള സ്വപ്നം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

