ആറളം ആനമതിൽ; രൂപരേഖയിൽ മാറ്റത്തിന് നിർദേശം
text_fieldsസബ് കലക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടപ്പാറ പ്രദേശം സന്ദർശിക്കുന്നു
കേളകം: ആറളം ഫാം, ആറളം പുനരധിവാസ മേഖലകളിലെ ശേഷിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിന്റെയും ആന മതിൽ നിർമാണത്തിന്റെയും അവലോകനയോഗം തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്നു. വിവിധ ഘട്ടങ്ങളിലായി നടന്ന ആനതുരത്തൽ എത്രത്തോളം പ്രാവർത്തികമായെന്നും വനത്തിലേക്ക് കയറ്റിവിടുന്ന ആനകൾ തിരിച്ചുവരുന്നതിന്റെ സാഹചര്യവും യോഗം വിശകലനം ചെയ്തു. പുനരധിവാസ മേഖലയിലെ പരിപ്പുതോട് മുതൽ പത്താം ബ്ലോക്കിലെ ആർ.ആർ.ടി ഓഫിസുവരെ തൂക്ക് വേലി ഇടാനുള്ള നിർദേശം ചർച്ചയായി.
ആറളം ഫാമിലെ ആനമതിൽ കോട്ടപ്പാറയിൽനിന്ന് ചെങ്കുത്തായ പ്രദേശങ്ങളും പാറക്കെട്ടുകളും ഒഴിവാക്കി പുതിയ അലൈൻമെൻറ് എന്ന ആശയം യോഗം മുന്നോട്ടുവെച്ചു. ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം ഇതിനായി സമാഹരിച്ചു. പ്രദേശവാസികളുടെ അഭിപ്രായവും സ്വീകരിക്കണമെന്ന് അധ്യക്ഷനായ സബ് കലക്ടർ അറിയിച്ചു.
യോഗത്തിൽ സബ് കലക്ടറെ കൂടാതെ ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിതീഷ് കുമാർ, ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസർ വിനോദ്, മരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലജിഷ് കുമാർ, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, മണത്തണ ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരും പങ്കെടുത്തു. തുടർന്ന് സബ് കലക്ടർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടപ്പാറ പ്രദേശം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

