ആറളം-അമ്പലക്കണ്ടിപാലം പാതിവഴിയിൽ; അഴിമതി ആരോപിച്ച് നാട്ടുകാർ
text_fieldsപാതിവഴി നിർമാണം മുടങ്ങിയ ആറളം -അമ്പലക്കണ്ടി പാലം
പേരാവൂർ: ആറളം -അമ്പലക്കണ്ടിപാലം പാതിവഴിയിൽ. അഴിമതി ആരോപിച്ച് നാട്ടുകാർ രംഗത്ത്. 2018 കണ്ണൂർ ജില്ല പഞ്ചായത്ത് 49 ലക്ഷം രൂപ വകയിരുത്തി ആരംഭിച്ച പാലം പണിയാണ് പാതിവഴിയിൽ മുടങ്ങിയത്.
ആറളം ഫാം തൊഴിലാളികളും ക്ഷീരകർഷകരും നാട്ടുകാരും ഏറെ നാളുകളായി നടത്തിയ ഇടപെടലിനെ തുടർന്നാണ് 2018ൽ പാലം പണിക്കായി ഫണ്ട് വകയിരുത്തിയത്. ടെൻഡർ നടപടി പൂർത്തിയാക്കി കരാറുകാരൻ പാലം പണി ആരംഭിച്ചു. തൂണുകളുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. 2019 മാർച്ച് മാസത്തോടെ തൂണുകളുടെ പ്രവൃത്തി പൂർത്തീകരിച്ചു.
2019ലെ മഹാപ്രളത്തിൽ രണ്ട് തൂണുകൾ മരം വന്നിടിച്ച് ചരിഞ്ഞു. ഇതോടെ പാലം പണിയും നിലച്ചു. അശാസ്ത്രീയ നിർമാണമാണ് തൂണുകൾ ചരിയാൻ കാരണമെന്നും പാലം പണിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
അമ്പലക്കണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ ചാരിറ്റബിൾ ട്രസ്റ്റ് പരാതിയുമായി രംഗത്തെത്തി. നിലവിൽ തൂണുകൾ തമ്മിൽ മുളന്തടി ബന്ധിപ്പിച്ചാണ് തൊഴിലാളികൾ കടന്നുപോകുന്നത്.
എത്രയും പെട്ടെന്ന് പാലം പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ചാക്കോ പന്നിക്കോട്ടിൽ, ഇ.വി. ബിജോയ്, ബിനോയ് പതാലിൽ എന്നിവർ ആവശ്യപ്പെട്ടു.