എഴുത്തിന്റെ ഏഴര പതിറ്റാണ്ട്... കഥയും കഥാപാത്രങ്ങളും ഓർത്തെടുത്ത് നാട്
text_fields‘മാധ്യമ’ത്തിന്റെ സ്നേഹോപഹാരം കഥാകൃത്ത് ടി. പത്മനാഭന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ സമർപ്പിക്കുന്നു
കണ്ണൂർ: പതിറ്റാണ്ടുകളുടെ അനുഭവപ്പെയ്ത്തിൽ കഥകളിലൂടെ മലയാളത്തിന്റെ സ്വന്തമായി മാറിയ കഥാകാരൻ ടി. പത്മനാഭന് ‘മാധ്യമ’ത്തിന്റെയും നാടിന്റെയും ആദരം. എഴുത്തിൽ ഏഴരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ പപ്പേട്ടന്റെ കഥകളും കഥാപാത്രങ്ങളും അക്ഷരാനുഭവങ്ങളും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എഴുത്തുകാരും വായനക്കാരും പങ്കുവെച്ചു. കണ്ണൂരിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ കഥയുടെ കുലപതിക്ക് മാധ്യമം ആഴ്ചപ്പതിപ്പാണ് ആദരം ഒരുക്കിയത്.
ഗൗരിയും പ്രകാശം പരത്തുന്ന പെൺകുട്ടിയും മഖൻ സിങ്ങിന്റെ മരണവും സാക്ഷിയുമെല്ലാം വീണ്ടും ചർച്ചചെയ്യപ്പെട്ടു. കഥകളിലെ പ്രണയവും മനുഷ്യത്വവും സഹജീവി സ്നേഹവും പ്രിയപ്പെട്ടവർ ഓർത്തെടുത്ത് അനുഭവങ്ങൾ പങ്കിട്ടപ്പോൾ മലയാളത്തിന്റെ പപ്പേട്ടൻ പുഞ്ചിരിതൂകി. കഥകളിലെ ഒറ്റപ്പെടലുകളും ഇല്ലായ്മകളും സ്നേഹവുമെല്ലാം ഭാവാർദ്രമായി സദസ്സിൽ പങ്കുവെക്കപ്പെട്ടു.
- "ലോകത്തിലെ മികച്ച അഞ്ചു കഥകളിൽ ഒന്ന് ടി. പത്മനാഭന്റെ മഖൻ സിങ്ങിന്റെ മരണമായിരിക്കും. അപാരമായ മനുഷ്യസ്നേഹത്തിന്റെ കഥയാണിത്. പപ്പേട്ടന്റെ കഥകൾ ഹൃദയത്തിലുണ്ടാക്കുന്ന സ്പർശം വളരെ വലുതാണ്. അത്രമേൽ ലളിതമായ വാക്കുകളിലാണ് കഥാരചന. മനുഷ്യൻ അടക്കമുള്ള സഹജീവികളെ കുറിച്ചാണ് അവ സംസാരിക്കുന്നത്.’’ എം.കെ". മനോഹരൻ
- "മലയാള ചെറുകഥയെ ലോകവാനത്തിലേക്ക് ഉയർത്തിയ എഴുത്തുകാരനാണ് ടി. പത്മനാഭൻ. ഇങ്ങനെയൊരു എഴുത്തുകാരന്റെ കാലത്ത് അദ്ദേഹത്തിനൊപ്പം ജീവിക്കാനാവുകയെന്നത് തന്നെ ഏറ്റവും വലിയ സുകൃതമായി കാണുന്നു. തീർച്ചയായും ആ സാന്ത്വനത്തിന് കീഴിൽ ചേർന്നുനിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്’’- നാരായണൻ കാവുമ്പായി
- "അദ്ദേഹത്തിന്റെ ഭാഷയുടെ തലം അന്നും ഇന്നും ഒന്നാണ്. അതാണ് ആ കഥകളെ കാലാതീതമായി നിലനിർത്തുന്നത്. എഡിറ്റിങ് എന്ന കല പഠിച്ചത് അദ്ദേഹത്തിന്റെ കഥകൾ വായിച്ചാണ്. എഴുത്തിലും ആ സ്വാധീനമുണ്ടായി. എത്ര തെളിവോടെയാണ് ആ കഥകൾ മുന്നോട്ടുപോകുന്നത്. കാലം കഴിഞ്ഞാലും വീണ്ടും വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ പത്മനാഭൻ കഥകളും ഉണ്ടാകും.’’- വി.എച്ച്. നിഷാദ്
- "വായന ആരംഭിച്ച കാലം മുതൽ വായിക്കുന്ന എഴുത്തുകാരനാണ് ടി. പത്മനാഭൻ. പരിമിതികൾ ഉള്ള കാലത്തുപോലും ആ കഥകൾ ഇത്രയേറെ സഞ്ചരിച്ചു. നോവലുകൾ എഴുതുന്ന എളുപ്പം വേണ്ടെന്ന് തീരുമാനിച്ച് ചുരുങ്ങിയ വാക്കുകളിൽ കഥകളിലൂടെ ജീവിതമാകെ അവതരിപ്പിച്ചു. കാച്ചിക്കുറുക്കിയ വാക്കുകളിലൂടെ കമനീയമായ ഭാഷയാണ് അദ്ദേഹം എഴുത്തിൽ ഉപയോഗിക്കുന്നത്. മലയാളത്തിലെ എഴുത്തുകാരനെ ലോകമെങ്ങും ആദരിക്കുന്നത് കാണുമ്പോൾ അഭിമാനമാണ്. എഴുത്തിലൂടെ വായനക്കാരുടെ ഉള്ളിൽ രസമുകുളം ജനിപ്പിക്കാൻ കഴിയുന്നയാളായി അദ്ദേഹമിപ്പോഴും തുടരുന്നതിൽ സന്തോഷമുണ്ട്."- പ്രമോദ് രാമൻ
- കഥാലോകത്ത് വിസ്മയമായി തുടരുകയാണ് ടി. പത്മനാഭൻ. മറ്റൊരു ഭാഷയിലും ഇല്ലാത്ത തരത്തിൽ തുടർച്ചയായി കഥകൾ എഴുതുന്നു. കഥയിൽ മാത്രം നിന്നുകൊണ്ട് ഒന്നാമനായി വിരാജിക്കുന്നത് വിസ്മയമാണ്. മലയാളഭാഷ ഉള്ളിടത്തോളം പ്രകാശം പരത്തുന്ന പെൺകുട്ടി പ്രകാശം പരത്തും. നിസ്വാർഥമായ നിരുപാധിക സ്നേഹത്തിന്റെ വിളംബരമാണ് പപ്പേട്ടന്റെ കഥകൾ. മാനവിക മൂല്യങ്ങളുടെ വലിയ മരുന്നുകടയായി അതു തുടരും.- അംബികാസുതൻ മാങ്ങാട്
- "സൂക്ഷ്മത നിറഞ്ഞതാണ് ടി. പത്മനാഭന്റെ എഴുത്തും ജീവിതവും. അനാവശ്യമായ ഒരു വാക്ക് എഴുത്തിലും ജീവിതത്തിലും ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കഥകളുടെ ആത്മാവിൽ സംഗീതമുണ്ട്. വായനക്കാരന് താമസിക്കാനൊരു സ്ഥലം കഥകളിൽ ഉണ്ടാകും. ജീവിതവും പോകേണ്ട ഇടങ്ങളും ആ വരികളിൽ ഉണ്ടാകും. സത്യവും കരുണയുമില്ലാത്തതായി ഒന്നുമുണ്ടാകില്ല. അദ്ദേഹത്തിന്റെ കഥകളെ കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്ന് തോന്നാറുണ്ട്."- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
- ടി. പത്മനാഭൻ കഥകളിൽ സ്ത്രീകളെ ആവിഷ്കരിക്കുമ്പോൾ ഉണ്ടാകുന്ന സവിശേഷത മറ്റെവിടെയും കണ്ടിട്ടില്ല. അത്ര ഉയരത്തിലാണ് സ്ത്രീകളുടെ പ്രതിഷ്ഠ. ആത്മഹത്യ ചെയ്യാൻ പോകുന്ന ആളുടെ മുന്നിൽ പ്രതീക്ഷയുടെ നാളമായി പോകുന്ന പെൺകുട്ടിയെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യെന്ന കഥയിൽ കാണാം. പ്രതീക്ഷയുടെ നാളമായി അദ്ദേഹം മുന്നോട്ടുവെക്കുന്നത് സ്ത്രീയെയാണ്. വേദനകളിൽ കൂടെ ചേർക്കുന്നത് അവളെയാണ്. പപ്പേട്ടന്റെ സ്ത്രീ കഥാപാത്രങ്ങൾ ഒരു കഥയിൽ അവസാനിക്കുന്നില്ല. അത് തുടരും.’’- ശ്രീകല മുല്ലശ്ശേരി
- "തൊണ്ണൂറ്റിയാറ് വയസ്സിലും കഥ എഴുതുന്ന ഒരാൾ ലോകത്ത് ഒന്നു മാത്രമേ ഉണ്ടാകൂ. പതിനെട്ടിലും തൊണ്ണൂറ്റിയാറിലും ടി. പത്മനാഭൻ ഒരുപോലെ കഥയെഴുതുന്നു. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നു. ഒരിക്കൽപോലും കളവു പറയാതെയിരിക്കുന്നു. എഴുത്തുകാരന് എഴുത്തുപോലെ പ്രധാനമാണ് നിലപാടും. ഭരണകൂടത്തിന്റെ വിശ്വസ്തനായിരിക്കുക എന്നതിന് പകരം അവർ തെറ്റുചെയ്യുമ്പോൾ ചൂണ്ടിക്കാണിക്കുകയെന്നതാണ് എഴുത്തുകാരന്റെ കടമ.ഒരു എഴുത്തുകാരൻ എന്നതിലപ്പുറം നിലപാടുകളുടെ പേരിലാണ് പപ്പേട്ടനെ സ്വീകരിക്കുന്നതും ഇഷ്ടപ്പെടുന്നതും."- പി.കെ. പാറക്കടവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

