കണ്ണൂരിൽ ഉയരുന്ന ഉത്കണ്ഠ; 1747 പേര്‍ക്കുകൂടി കോവിഡ്
text_fieldsകണ്ണൂർ: കോവിഡ് വ്യാപനത്തിെൻറ ആശങ്കയും ഉത്കണ്ഠയും വിട്ടുമാറാതെ കണ്ണൂർ. വ്യാഴാഴ്ച 1747 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ഓരോ ദിവസം കഴിയുംതോറും കോവിഡ് കണക്കുകൾ കുതിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ 1678 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 50 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28 ശതമാനമാണ്. തുടർച്ചയായ ആറാം ദിവസവും ആയിരവും കടന്ന് രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് കടക്കുകയാണ്. കണ്ണൂർ കോർപറേഷനിൽ 206 പേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. തലശ്ശേരി നഗരസഭയിൽ 78 പേരും രോഗബാധിതരായി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 74872 ആയി. ഇവരില്‍ 400 പേര് വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 61639 ആയി. 376 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 10741 പേര് ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 10375 പേര് വീടുകളിലും ബാക്കി 366 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28458 പേരാണ്. ഇതില്‍ 27750 പേര് വീടുകളിലും 708 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 807607 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 807018 എണ്ണത്തിെൻറ ഫലം വന്നു. 589 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
വാക്സിനേഷന് രണ്ട് കേന്ദ്രങ്ങളില്‍
കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ല. രണ്ട് സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
ഈ കേന്ദ്രങ്ങളില്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം.
ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍ എന്നിവയാണ് ഇന്ന് വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികള്‍. വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം.
മൊബൈല്‍ ആര്.ടി.പി.സി.ആര് പരിശോധന
വെള്ളിയാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നടത്തും. വലിയപാറ ഗവ.എല്‍.പി സ്കൂള്‍, പേരാവൂര്‍ എം.പി യു.പി സ്കൂള്‍, ഉമ്മറപ്പൊയില്‍ എഫ്.എല്‍.ടി.സി, മലപ്പട്ടം കമ്യൂണിറ്റി ഹാള്‍, ഇരിട്ടി ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വാക്സിനേഷന്: ഇനി ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാത്രം
കണ്ണൂർ: കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കില്ല. വാക്സിനേഷന് കേന്ദ്രങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി വാക്സിനേഷന് കേന്ദ്രവും തീയതിയും ഷെഡ്യൂള്‍ ചെയ്തതിനു ശേഷം മാത്രമേ അതത് കേന്ദ്രങ്ങളില്‍ എത്താവൂ.
കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്സിന് സ്വീകരിക്കേണ്ടത്. www.cowin.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Register Yourself എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ നല്കി, Get OTP ഓപ്ഷന് ക്ലിക്ക് ചെയ്ത് മൊബൈലിലെ ഒ.ടി.പി നല്‍കുക.
ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്കിയ ശേഷം രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ഷെഡ്യൂളിങ് എന്ന ഓപ്ഷനില്‍ ലഭ്യമാകുന്ന വാക്സിനേഷന് കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക. ഒന്നാമത്തെയും രണ്ടാമത്തെയും ഡോസിന് ഇത് ബാധകമാണ്. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിന് പഞ്ചായത്ത് തലത്തില്‍ അക്ഷയ കേന്ദ്രങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായം തേടാം. പൊതുജനങ്ങള്‍ കൂട്ടംകൂടാതെയും സര്‍ക്കാര്‍ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങളും ജീവനക്കാരുടെ നിര്‍ദേശങ്ങളും പാലിച്ച് വേണം വാക്സിന് സ്വീകരിക്കാന്‍ എത്തേണ്ടത്. വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറും കരുതണം. ആധാര്‍ ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
ചപ്പാരപ്പടവിൽ ടെസ്റ്റ് പോസിറ്റിവിറ്റി 51.02 ശതമാനം
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ 51.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിെൻറ ഇരട്ടിയിലധികമാണിത്. തൃപ്പങ്ങോട്ടൂരില്‍ 46.46, ചിറ്റാരിപ്പറമ്പില്‍ 44.44, ഉദയഗിരിയില്‍ 41.67, കീഴല്ലൂരില്‍ 40.54 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്ക്. ഈ മേഖലകളിൽ നിയന്ത്രണം കർശനമാക്കും. കോവിഡ് വ്യാപനമേഖലകളിലെ റോഡുകൾ അടക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഓരോ പ്രദേശത്തെയും കോവിഡ് രോഗികളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

