പയ്യാമ്പലത്ത് വീണ്ടും കടലേറ്റം
text_fieldsകണ്ണൂർ: കാലവർഷം വീണ്ടും ശക്തമായതോടെ പയ്യാമ്പലത്ത് വീണ്ടും കടലേറ്റം. ബീച്ചിലെ നടപ്പാതയുടെ വടക്ക് ഭാഗത്ത് 300 മീറ്ററോളം പാതയിൽ വെള്ളം കയറി. ശനിയാഴ്ച ഉച്ചയോടെയാണ് വലിയ തിരമാലകൾ തീരത്തേക്ക് കയറിയത്. കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ 3.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചിലെത്തിയവർക്ക് ലൈഫ് ഗാർഡുമാർ ജാഗ്രത നിർദേശം നൽകി.
ജില്ലയിൽ വളപട്ടണം മുതൽ ന്യൂമാഹി വരെ ഞായറാഴ്ച കടലേറ്റത്തിന് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ട്രോളിങ് നിരോധനമായതിനാൽ ബോട്ടുകൾ കൂട്ടമായി തീരത്തുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ലൈഫ് ഗാർഡുമാരുടെ നിർദേശം മറികടന്ന് പുലിമുട്ടിലടക്കം സന്ദർശകർ എത്തുന്നത് വെല്ലുവിളിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

