അനസ്തേഷ്യ വർക്സ്റ്റേഷൻ തകരാർ; കണ്ണൂർ ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ
text_fieldsകണ്ണൂർ: ജില്ല ആശുപത്രിയിലെ അനസ്തേഷ്യ വർക്സ്റ്റേഷൻ തകരാർ കാരണം ശസ്ക്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ. പുതിയത് ആവശ്യപ്പെടുമ്പോൾ കിട്ടുന്ന മറുപടിയാകട്ടെ, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് വരും എല്ലാം ശരിയാവുമെന്നും. കേട്ട് മടുത്ത മറുപടിക്കപ്പുറം ഒന്നും നടക്കാത്തതിനാൽ ദുരിതം പേറുന്നത് നിർധനരായ രോഗികളും.
ജനറൽ ശസ്ത്രക്രിയ വിഭാഗത്തിലെ അനസ്തേഷ്യ സംവിധാനമാണ് അടിക്കടി പണിമുടക്കുന്നത്. ഇക്കാരണത്താൽ തൈറോയിഡ് ശസ്ത്രക്രിയ, സ്തനാർബുദ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ തുടങ്ങിയവയാണ് മുടങ്ങുന്നത്. ചില ഡോക്ടർമാർ മുൻകൈയെടുത്ത് പലതവണ യന്ത്രത്തകരാർ പരിഹരിച്ചതാണ്. എന്നാൽ, വീണ്ടും തകരാറിലാവുന്നതിനാൽ യന്ത്രം മാറ്റുകയാണ് പരിഹാരം. കാലപ്പഴക്കമാണ് യന്ത്രത്തിന്റെ പ്രധാന പ്രശ്നം. പതിറ്റാണ്ടിലേറെ പഴക്കമുള്ള യന്ത്രത്തിന്റെ ചില ഭാഗങ്ങൾ കിട്ടാനും പ്രയാസമാണ്. 37 ലക്ഷമാണ് പുതിയ യന്ത്രത്തിന്റെ വില.
വിഷയം ജില്ല പഞ്ചായത്ത് അധികൃതരുടെ മുന്നിലെത്തുമ്പോൾ എല്ലാം സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് വരുന്നതോടെ പരിഹാരമാകുമെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്.
അനസ്തേഷ്യ വർക്സ്റ്റേഷൻ യൂനിറ്റ് ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ സ്ഥാപിക്കാൻ ഭരണാനുമതിയായിട്ടുണ്ട്. എന്നാൽ, സാങ്കേതികാനുമതിയായിട്ടില്ല. ഒച്ചിഴയുന്ന വേഗത്തിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. അതിനാൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്ന് യാഥാർഥ്യമാവുമെന്ന് ആർക്കും ഉറപ്പുനൽകാനാവുന്നില്ല. സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ ജില്ല ആശുപത്രിയിലെത്തുന്ന നിർധന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അതേസമയം, ഗൈനക്കോളജി പോലുള്ള അത്യാവശ്യ ശസ്ത്രക്രിയക്ക് അനസ്തേഷ്യ സംവിധാനമുണ്ടെന്നും ജനറൽ വിഭാഗത്തിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.