ചളിവെള്ളം ഒഴുക്കി കിണർ മലിനമാക്കി; ജല അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തം
text_fields1. ചളിനിറഞ്ഞ വെള്ളം ഒഴുക്കിവിട്ട നിലയിൽ 2.ചെറിയവളപ്പിലെ റുബീനയുടെ മലിനമായ കിണർ
അഞ്ചരക്കണ്ടി: ജല അതോറിറ്റി അധികൃതരുടെ അനാസ്ഥയിൽ കുടിവെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ കുടുംബങ്ങൾ. അഞ്ചരക്കണ്ടി -മട്ടന്നൂർ റോഡിൽ ചെറിയവളപ്പ് മടിയൻ മുക്കിന് സമീപത്തെ മൂന്ന് വീട്ടുകാരുടെ കിണറ്റിലെ വെള്ളമാണ് അധികൃതരുടെ അനാസ്ഥയിൽ മലിനമായത്.
പൈപ്പിൽ കെട്ടി നിൽക്കുന്ന വെള്ളം പൂർണമായി ഒഴുക്കിവിട്ടതിനെ തുടർന്നാണ് കിണർ വെള്ളം മലിനമായത്. റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെയാണ് ചളിനിറഞ്ഞ വെള്ളം ഒഴുക്കിക്കളയുന്നത്. ചെറിയവളപ്പിലെ ബൈത്തുറാഹയിൽ റുബീന, നിമ്രാസ് മൻസിലിൽ സൈനുദ്ദീൻ, ഖൈറുന്നിസ എന്നിവരുടെ കിണറുകളാണ് മലിനമായത്.
നേരത്തെയും ചളിനിറഞ്ഞ വെള്ളം ഒഴുക്കിവിട്ടിട്ടുണ്ട്. ഇതേത്തുടർന്ന് സമീപത്തെ നിരവധി വീട്ടുകാർ ചേർന്ന് കീഴല്ലൂർ വാട്ടർ അതോറിറ്റി ഓഫിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെയും ചളിനിറഞ്ഞ വെള്ളം ഒഴുക്കിവിട്ടു. കുടിവെള്ളം പൂർണമായും മലിനമാക്കിയ കീഴല്ലൂർ വാട്ടർ അതോറിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.

