നിർമാണത്തിലിരിക്കെ ആശുപത്രി കെട്ടിടം തകർന്നു
text_fieldsഅഞ്ചരക്കണ്ടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം നടക്കുന്ന കെട്ടിടം തകർന്നുവീണു. സംഭവത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളായ പാലപ്പുഴ സ്വദേശിനി വിലാസിനി (45), പൂക്കോട് സ്വദേശി അഫ്സൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. കണ്ണാടി വെളിച്ചത്തെ കുടുംബാരോഗ്യ കേന്ദ്രത്തിെൻറ ഒന്നാം നിലയിൽ നിർമിക്കുന്ന ഹാളിെൻറ ചുവരും സൺഷേഡുമാണ് തകർന്നു വീണത്. മുകളിൽ ജോലിയിൽ ഏർപ്പെട്ടവരാണ് വീണത്. താഴത്തെ നിലയോട് ചേർത്തുനിർമിച്ച ഷീറ്റിൽ വീണ ശേഷമാണ് ഇവർ നിലത്തെത്തിയത്.
നാലുവരി ഉയരത്തിലുള്ള ചെങ്കൽ ചുവരും ഇതിനുചേർന്ന് മുകളിലായി നിർമിക്കുന്ന സൺഷേഡും ഏതാണ്ട് 15 മീറ്റർ നീളത്തിൽ നിലംപൊത്തുകയായിരുന്നു. ചെങ്കൽ ചുവരും പുറത്തുനിന്നുള്ള താങ്ങും മാത്രമാണ് ഇത് താങ്ങിനിർത്തുന്നത്.പുറത്തുനിന്ന് നൽകിയ താങ്ങ് ശരിയായ രീതിയിൽ അല്ലാതായതാണ് അപകട കാരണം. ചക്കരക്കല്ല് പൊലീസ്സ്ഥലം സന്ദർശിച്ചു.