ചാമ്പ്യൻസ് ബോട്ട് ലീഗ്; കപ്പിൽ മുത്തമിട്ട് അഴീക്കോടൻ അച്ചാംതുരുത്തി
text_fieldsചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നാംസ്ഥാനം നേടുന്നു
അഞ്ചരക്കണ്ടി: പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി.
ആകെ 15 ചുരുളൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്ത് വയൽക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോൻ അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടൻ അച്ചാംതുരുത്തി കപ്പിനോട് ചുണ്ടുചേർത്തത്. അണിയത്ത് സജിരാജും അമരത്ത് കെ.പി. വിജേഷും വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജർ.
വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് വിജയികൾ ട്രോഫി ഏറ്റുവാങ്ങി. 1.54.611 മിനിറ്റിന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാലിച്ചോൻ അച്ചാം തുരുത്തി എ ടീം 1.56.052 മിനിറ്റിന് ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനവും നേടി.
ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്, എ.കെ.ജി പോടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശ്ശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ.കെ.ജി മയ്യിച്ച ഏട്ട്, വയൽക്കര മയ്യിച്ച ഒമ്പത് എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ല കലക്ടർ അരുൺ കെ. വിജയൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സജിത, കെ.കെ. രാജീവൻ, എൻ.കെ. രവി, എ.വി. ഷീബ, കെ.പി. ലോഹിതാക്ഷൻ, പി.വി. പ്രേമവല്ലി, കെ. ഗീത, കെ. ദാമോദരൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

