അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് 25,000 രൂപ പിഴ
text_fieldsചക്കരക്കല്ല്: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണ രംഗത്തെ വീഴ്ചകൾക്ക് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് 25,000 രൂപ പിഴ ചുമത്തി. രാത്രികാലങ്ങളിൽ കോമ്പൗണ്ടിൽനിന്ന് പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ മണം പരക്കുന്നതായുള്ള പരാതി അന്വേഷിക്കാനാണ് ജില്ല സ്‌ക്വാഡ് സ്ഥലത്തെത്തിയത്. സ്കൂളിലെ പാചകപ്പുരക്ക് സമീപം ചെങ്കല്ല് കെട്ടിയുണ്ടാക്കിയ നിർമിതിയിൽ ജൈവ, അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തി.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ, പെൻസിലുകൾ, കാരി ബാഗുകൾ, പ്ലാസ്റ്റിക് കവറുകൾ, മിഠായി കവറുകൾ, കടലാസുകൾ, കുടിവെള്ളക്കുപ്പികൾ, ശീതള പാനീയങ്ങളുടെ ചെറുകുപ്പികൾ, കോമ്പസ്, പൊട്ടിയ പ്ലാസ്റ്റിക് സ്കെയിലുകൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ സ്ക്വാഡ് കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതായും കണ്ടെത്തി. പാചകപ്പുരക്ക് സമീപം മലിനജലം ഒഴുക്കി വിട്ടതായും പരിശോധനയിൽ കണ്ടെത്തി.
മാലിന്യ സംസ്കരണത്തിൽ സ്കൂൾ അധികൃതർ ഉപേക്ഷ കാട്ടിയതായി സ്ക്വാഡ് നിരീക്ഷിച്ചു. തുടർന്ന് 25,000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടിന്റു മോൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

