അമൃത് പദ്ധതി; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും
text_fieldsകണ്ണൂർ: ഒരു വര്‍ഷത്തിനുള്ളില്‍ കോര്പറേഷന് പരിധിയില്‍ എല്ലായിടത്തും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്ന് മേയർ ടി.ഒ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമൃത് 2.0 പദ്ധതിയില്‍പെടുത്തിയാണ് എല്ലായിടത്തും കുടിവെള്ളമെത്തിക്കുക. ഇതിനായി ഏകദേശം 70 കോടിയുടെ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.
അമൃത് ഒന്നാംഘട്ട പദ്ധതിയിൽ നിരവധി പൊതുയിടങ്ങളിൽ പൈപ്പ് സ്ഥാപിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. രണ്ടാംഘട്ട പദ്ധതിയിൽ മുഴുവൻ ഇടങ്ങളിലും കുടിവെള്ളമെത്തിക്കാനാണ് കോർപറേഷന്റെ പദ്ധതി. ഭരണസമിതി മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മേയർ അറിയിച്ചു. നഗരത്തിലെ മുഴുവന്‍ റോഡുകളും സമയബന്ധിതമായി നവീകരിക്കും.
അതിനുമാത്രമായി 35 കോടി നടപ്പുസാമ്പത്തിക വര്‍ഷം നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കക്കാട് പുഴയുടെ സൗന്ദര്യവത്കരണത്തിന് നാലുകോടി ചെലവഴിച്ചുള്ള രണ്ടാംഘട്ട പ്രവര്‍ത്തനം അടുത്തമാസം തന്നെ ആരംഭിക്കും. ഈ വര്‍ഷവും ഭവനപുനരുദ്ധാരണത്തിന് ഒരുലക്ഷം വീതം പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 325 പേര്‍ക്ക് ധനസഹായം നല്‍കും. പദ്ധതി പ്രകാരം 1100 പേര്‍ക്ക് വീട് നല്കാന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
കോര്പറേഷൻ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാകും. 25.6 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്.
മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അടുത്തമാസം തുറക്കും
നഗരത്തിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങൾ അടുത്ത മാസം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് മേയർ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി ചെലവഴിച്ച് ജവഹര്‍ സ്റ്റേഡിയത്തിന് സമീപവും പീതാംബര പാര്ക്കിന് സമീപത്തുമായി രണ്ട് പാര്‍ക്കിങ് കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്.
155 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കേന്ദ്രത്തിന്റെ നിർമാണം പൂര്‍ത്തിയായാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനും പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും മേയർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി. രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവരും പങ്കെടുത്തു.
110 കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകൾ
നഗരത്തിലെ 110 കേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് ടെൻഡര്‍ വിളിച്ചു. അവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. നഗരത്തിൽ വിവിധയിടങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതടക്കം പതിവാണ്. മാലിന്യം തള്ളുന്നവരെയടക്കം പിടികൂടാനാണ് കാമറകൾ സ്ഥാപിക്കുക. രണ്ടുകോടി 20 ലക്ഷം രൂപയാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നതെന്ന് മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

