അമൃത് ഭാരത് പദ്ധതി; കണ്ണൂരിലെ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsകണ്ണൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. 35.63 കോടി ചെലവിൽ നിർമിക്കുന്ന പദ്ധതി വിലയിരുത്തുന്നതിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി.
കോഴിക്കോട്, വടകര സ്റ്റേഷനുകളിലെ സന്ദർശനത്തിനുശേഷമാണ് കണ്ണൂരിലെത്തിയത്. പ്രവൃത്തി വേഗത്തിലാക്കാൻ അദ്ദേഹം കരാറുകാർക്ക് നിർദേശം നൽകി. ടിക്കറ്റ് കൗണ്ടർ, പാർക്കിങ്, എ.സി കാത്തിരിപ്പുകേന്ദ്രം, പണം നൽകി ഉപയോഗിക്കുന്ന വിശ്രമ കേന്ദ്രം, പാർക്കിങ് ഏരിയ, നടപ്പാതകൾ, യാർഡിലും പരിസരങ്ങളിലും ഉയരവിളക്ക് തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. പാലക്കാട് ഡിവിഷനു കീഴിൽ 16 സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസനം വരുന്നത്.
ഇതിൽ വടകര, മാഹി സ്റ്റേഷനുകളിലെ നവീകരണ പദ്ധതി പൂർത്തിയായി. ജനറൽ മാനേജർക്കു പുറമെ പാലക്കാട് ഡിവിഷനൽ മാനേജർ മധുകർ റോത്, അഡീ. ഡിവിഷനൽ മാനേജർ എസ്. ജയകൃഷ്ണൻ തുടങ്ങിയവരും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി.
ജനറൽ മാനേജർക്ക് നിവേദനം നൽകി
കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുക, ഹംസഫർ, തുരന്തോ എക്സ്പ്രസുകൾക്ക് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കുക, പാലക്കാട്-കണ്ണൂർ സ്പെഷൽ എക്സ്പ്രസ്സ് (06031) കാസർകോട്ടേക്ക് നീട്ടുക, കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (16608) കാസർകോട് സർവിസ് നീട്ടുക, അന്ത്യോദയ എക്സ്പ്രസ്സ് എല്ലാ ദിവസവും സർവിസ് നടത്തുക,-ബൈന്തൂർ പാസഞ്ചർ പുനരാംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂരിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി.
ചെയർമാൻ അഡ്വ. റഷീദ് കവ്വായി, കോഓഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, കെ.പി. ചന്ദ്രാംഗദൻ, ചന്ദ്രൻ മന്ന, ടി. സുരേഷ് കുമാർ, ഗഫൂർ കാവിൻമൂല, നാരായണൻ നമ്പൂതിരി, രാജു ചാൾസ്, തുടങ്ങിയവർ നിവേദ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

