Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎല്ലാ വഴികളും...

എല്ലാ വഴികളും കണ്ണൂരിലേക്ക്

text_fields
bookmark_border
എല്ലാ വഴികളും കണ്ണൂരിലേക്ക്
cancel
Listen to this Article

കണ്ണൂർ: എല്ലാവഴികളും അവസാനിക്കുന്നത് കണ്ണൂരി‍െൻറ തെരുവുകളിലാണ്. സർക്കാർ വാർഷികാഘോഷത്തിനും പാർട്ടി കോൺഗ്രസിനും ഒരേസമയം വേദിയാവുന്ന കണ്ണൂരിലേക്ക് ജില്ലക്കകത്തുനിന്നും പുറത്തുനിന്നും സന്ദർശകർ ഒഴുകുകയാണ്. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ യോഗം ചേർന്ന്‌ സുരക്ഷക്രമീകരണം വിലയിരുത്തുന്നുണ്ട്. സുരക്ഷയൊരുക്കാനും ഗതാഗതം നിയന്ത്രിക്കാനും കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ 10 ലക്ഷത്തിലേറെപേർ നഗരത്തിലെത്തുമെന്നാണ്‌ കണക്ക്‌. സന്ദർശകരുമായി പാർട്ടികൊടികൾ പാറിച്ച വാഹനങ്ങൾ നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുകയാണ്.

കണ്ണൂർ പൊലീസ് മൈതാനിയിൽ 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ കാണാനായി രാത്രി വൈകിയും ആളുകളുടെ തിരക്കാണ്. തിരക്കേറിയതിനാൽ സന്ദർശന സമയം ബുധനാഴ്ച മുതൽ ഒരുമണിക്കൂർ വർധിപ്പിച്ച് രാത്രി 10 വരെയാക്കിയിട്ടുണ്ട്. 11 ആയിട്ടും ആളുകളുടെ തിരക്ക് അവസാനിക്കാത്ത സ്ഥിതിയാണ്. ഏപ്രിൽ 14 വരെ എല്ലാ ദിവസവും രാവിലെ 10.30നാണ് എക്‌സിബിഷൻ തുടങ്ങുക. സംസ്ഥാനത്തി‍െൻറ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കുടുംബമായും പാർട്ടി പ്രവർത്തകർക്കൊപ്പവും ആളുകളുടെ ഒഴുക്കാണ്. പാർട്ടി കോൺഗ്രസ് നടക്കുന്ന ബർണശേരി നായനാർ അക്കാദമിയിലെ വേദിയിലേക്ക് പ്രവേശനമില്ലെങ്കിലും നേതാക്കൾ വാഹനങ്ങളിൽ വന്നിറങ്ങുമ്പോഴും സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും സെൽഫിയെടുക്കാനും പരിചയപ്പെടാനുമുള്ള തിരക്കാണ്. ദേശീയനേതാക്കളുടെ വൻനിരയാണ് സമ്മേളനത്തിനുള്ളത്.

ശനി, ഞായർ അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ ജനങ്ങൾ കണ്ണൂരിലെത്തുന്നത്‌ കണക്കിലെടുത്ത്‌ സുരക്ഷ ശക്തമാക്കി. 14 വരെ 10 തഹസിൽദാർമാരെ എക്‌സിക്യൂട്ടിവ്‌ മജിസ്‌ട്രേറ്റുമാരായി നിയമിച്ചു. ഓരോ ദിവസവും രണ്ട്‌ തഹസിൽദാർമാർക്കാണ്‌ ക്രമസമാധാനച്ചുമതല. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനും കെ.വി. തോമസും സെമിനാറുകളിൽ എത്തുന്നതോടെ വരും ദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.

വാഹനങ്ങളിലും മറ്റും ആളുകൾ എത്തുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. സമീപ ജില്ലകളിൽനിന്ന്‌ കൂടുതൽ പൊലീസിനെ എത്തിച്ചിട്ടുണ്ട്. 10 ഡിവൈ.എസ്‌.പിമാരുടെയും 30ലേറെ എസ്‌.എച്ച്‌.ഒമാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ചുമതല.

ജില്ലക്ക് പുറത്തുനിന്നും കണ്ണൂരിലേക്ക് ആളുകളുടെ ഒഴുക്കായതോടെ നഗരത്തിലെ താമസസൗകര്യങ്ങളെല്ലാം നിറഞ്ഞു. ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം മുറികൾ ലഭിക്കാത്ത സ്ഥിതിയാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയിട്ടുണ്ട്.

Show Full Article
TAGS:CPM Party Congress 
News Summary - All the way to Kannur
Next Story