യു.ഡി.എഫിനും കോൺഗ്രസിനും ഉണർവ് പകർന്ന് ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ
text_fieldsഐശ്വര്യ കേരള യാത്രക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നൽകിയ സ്വീകരണത്തിൽ രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി ആനയിക്കുന്നു
കണ്ണൂർ: യു.ഡി.എഫിനും കോൺഗ്രസിനും ഉണർവ് പകർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന െഎശ്വര്യ കേരള യാത്ര ജില്ലയിൽ. തിങ്കളാഴ്ച കാസർകോട് ജില്ലയിൽ നിന്ന് കണ്ണൂർ ജില്ലയിൽ എത്തിയ യാത്രക്ക് സ്വീകരണ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾ യു.ഡി.എഫിലും കോൺഗ്രസിലും പുതിയ ചലനങ്ങൾ സൃഷ്ടിച്ചതിെൻറ പ്രതിഫലനമായി. ജില്ലയിൽ പയ്യന്നൂർ, പഴയങ്ങാടി, വൻകുളത്തു വയൽ എന്നിവിടങ്ങളിലെ ഉജ്ജ്വല സ്വീകരണത്തിനുശേഷം കണ്ണൂർ സ്േറ്റഡിയം കോർണറിലായിരുന്നു ആദ്യ ദിവസത്തെ സമാപനം.
കണ്ണൂർ ജില്ല അതിർത്തിയായ ഒളവറയിൽ എത്തിയ ജാഥയെ യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി തുടങ്ങി യു.ഡി.എഫ് നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രമായ ടൗൺ സ്ക്വയറിലേക്ക് ആനയിച്ചത്. മറ്റു സ്വീകരണ കേന്ദ്രങ്ങളിലും യാത്രാ നായകനെയും നേതാക്കളെയും ആവേശത്തോടെയാണ് സ്വീകരിച്ച് ആനയിച്ചത്.
കോവിഡ് രോഗ ഭീതിക്കൊന്നും അണികളുടെ ആവേശത്തെ തടഞ്ഞു നിർത്താനായില്ല. സ്വീകരണ കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം കാത്തു നിന്നാണ് അവർ യാത്രക്ക് വരവേൽപ്പ് നൽകിയത്. അണികളിൽ ആവേശം നിറക്കുന്നതിന് യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും നിരവധി സംസ്ഥാനനേതാക്കളും സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. ഷിബു ബേബി ജോൺ, ജി. ദേവരാജൻ, ഫ്രാൻസിസ് ജോർജ്, അബ്ദുൽ റഹിമാൻ രണ്ടത്താണി, കെ.സി.ജോസഫ് എം.എൽ.എ, എം.എം. ഹസൻ, ലതിക സുഭാഷ്, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജോണി നെല്ലൂർ, അബ്ദുൽ ഖാദർ മൗലവി, ജോർജ് വടകര തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ-ളിൽ സംസാരിച്ചു.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8.30 ന് കണ്ണൂർ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ വിദഗ്ദരുമായി മസ്ക്കോട്ട് ഹോട്ടലിൽ പ്രതിപക്ഷ നേതാവ് സംവദിക്കും.
തുടർന്ന് 9.30ന് ചക്കരക്കല്ല്, 11 ന് തലശ്ശേരി, 12 ന് പാനൂർ, ഉച്ചക്ക് ശേഷം മൂന്നുമണിക്ക് മട്ടന്നൂർ, നാലിന് ഇരിട്ടി അഞ്ചിന് ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ആറിന് തളിപ്പറമ്പിൽ സ്വീകരണ പൊതു സമ്മേളനത്തോടെ ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ സ്വീകരണ പരിപാടികൾ പൂർത്തിയാകും.