ഉദയഗിരിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ ഉന്മൂലനം ചെയ്യും
text_fieldsrepresentational image
കണ്ണൂർ: ഉദയഗിരി പഞ്ചായത്തിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ശാന്തിപുരം കൊഴിക്കുന്നേല്‍ ജിന്സിന് കമലാസനന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് അഞ്ച് ഫാമുകളിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു.
രോഗബാധിത മേഖലയിലെ ഫെബിന് ബേബി മണയാണിക്കല്‍, റോയി മണയാണിക്കല്‍, ബിനോയ് ഏഴുപുരയില്‍, തോമസ് ചുരുവില്‍, ബാബു കല്ലോലില്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് മറ്റ് അഞ്ച് പന്നിഫാമുകള്‍.പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കരിച്ച് ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.
ഉദയഗിരി പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും ആര്.ടി.ഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്, വില്ലേജ് ഓഫിസര്‍ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ല മൃഗസംരക്ഷണ ഓഫിസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി അധികൃതരും നല്‍കേണ്ടതാണ്.
ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ഓഫിസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ വിവരം അറിയിക്കണം.
വെറ്ററിനറി ഓഫിസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ഫാമുകളില്‍ അണുവിമുക്തമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

