ആഫ്രിക്കന്‍ പന്നിപ്പനി: നടപടി ഊർജിതമാക്കി; കണിച്ചാറില്‍ പന്നികളുടെ നശീകരണം തുടങ്ങി
text_fieldsകണ്ണൂർ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പന്നികളുടെ ഉന്മൂലനവും മറവുചെയ്യലും ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 20 അംഗ ദ്രുതകര്‍മ സേനയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സീനിയര്‍ വെറ്ററിനറി സര്ജന്മാരായ വി. പ്രശാന്ത്, ഡോ. പി. ഗിരീഷ് കുമാര്‍ എന്നിവരോടൊപ്പം ഡോക്ടര്‍മാരും ഫീല്‍ഡ് ഓഫിസര്‍മാരും സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘം ഫാമിന്റെ പരിസരത്ത് തന്നെ താമസിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നുദിവസം സംഘം രോഗബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്യും. ആദ്യഘട്ടമായി ഫാമും പരിസരവും ശുചീകരിച്ച് നശീകരണം നടത്തും. പന്നികളെ ഇലക്ട്രിക് സ്റ്റണ്ണിങ് വഴി ബോധരഹിതരാക്കിയാണ് ദയാവധം ചെയ്യുന്നത്. ഇതിനായി പരിശീലനം നേടിയ വയനാട് ജില്ലയിലെ സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. ഉന്മൂലനം ചെയ്യാന്‍ ചുമതലപ്പെടുത്തിയ തൊഴിലാളികളും മൂന്നുദിവസം രോഗബാധ പ്രദേശത്ത് താമസിക്കും. മനുഷ്യര്‍ക്കോ മറ്റു മൃഗങ്ങള്‍ക്കോ രോഗം പകരില്ലെങ്കിലും അണുബാധ തടയുന്നതിനായി പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് കര്‍മസേന പ്രവര്‍ത്തിക്കുക.ആദ്യത്തെ ഫാമിലെ 95 പന്നികളെയാണ് നശിപ്പിക്കുന്നത്. അണുനശീകരണം നടത്തുന്നതിന് അഗ്നിരക്ഷാസേനയുടെ സേവനവും ഉപയോഗിക്കും. രണ്ടാംഘട്ടത്തില്‍ രോഗബാധിത പ്രദേശത്തുള്ള മറ്റൊരു ഫാമിലെ 176 പന്നികളെ കൂടി ദയാവധം നടത്തുന്നതോടെ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ പന്നികളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്യും. രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ മുഴുവന്‍സമയ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

