പായത്തെ പന്നിപ്പനി; 96 പന്നികളെ ഇന്ന് കൊന്നൊടുക്കും
text_fieldsപന്നികളെ കൊന്നൊടുക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ
അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം
ഇരിട്ടി: ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത പായം, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്നു ഫാമുകളിലെ 96 പന്നികളെ തിങ്കളാഴ്ച കൊന്നൊടുക്കും. പായം പഞ്ചായത്തിലെ തെങ്ങോല നാട്ടേലിൽ സ്വകാര്യ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിലെ മൂന്നു പന്നിഫാമുകളിൽ നിന്നുള്ള 96 പന്നികൾക്ക് തിങ്കളാഴ്ച ദയാവധം നടത്തുന്നത്. തെങ്ങോല നാട്ടേലിലെ സുനിൽ മാത്യുവിന്റെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഈ ഫാമിലെ 90ഓളം പന്നികളിൽ 50ലധികം പന്നികൾ കഴിഞ്ഞദിവസം ചത്തിരുന്നു.ബാംഗളൂരിലെ പരിശോധന റിപ്പോർട്ടിൽ ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ഈ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു രണ്ടു ഫാമുകളിലെ പന്നികളെയും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സുനിലിന്റെ ഫാമിലെ അവശേഷിക്കുന്ന 37 പന്നികളെയും ആൻറണി പുത്തേട്ടിന്റെ ഫാമിലെ 53 പന്നികളെയും അയ്യൻകുന്ന് പഞ്ചായത്തിലെ കുര്യന്റെ ഫാമിലെ ആറു പന്നികളെയുമാണ് തിങ്കളാഴ്ച ദയാവധം നടത്തുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൃഗസംരക്ഷണ വകുപ്പിന്റെ ആർ.ആർ.ടിയുടെ നേതൃത്വത്തിലുള്ള 14 അംഗ ടീമാണ് പന്നികളെ ദയാവധം ചെയ്യുക. ഇതിന്റെ ഭാഗമായുള്ള അവലോകന യോഗം പായം പഞ്ചായത്ത് ഹാളിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ അധ്യക്ഷതയിൽ ജില്ല മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത്, ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജയമോഹനൻ, ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ, ജില്ല എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ്, ഡോക്ടർമാരായ കിരൺ വിശ്വനാഥ്, സിന്ദൂര, എസ്.കെ. ശരണ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, ഇരിട്ടി എസ്.ഐ നിബിൻ ജോയ്, ഇരിട്ടി ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി. മോഹനൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

