ജീവനക്കാർ ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കാൻ നടപടി വേണം –പി. ജയരാജൻ
text_fieldsപ്രചരണ ഭാഗമായി ഖാദി വസ്ത്രം ധരിക്കാൻ സന്നദ്ധമായ കതിരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഖാദി വസ്ത്രം കൈമാറുന്നു
കണ്ണൂർ: സഹകരണ മേഖലയിലും സർക്കാർ സർവിസിലും പ്രവർത്തിക്കുന്ന ജീവനക്കാർ ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കുന്നതിന് നടപടികളുണ്ടാവണമെന്ന് കലക്ടറോടും സഹകരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.
ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഖാദി ധരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഖാദി ഉൽപന്നങ്ങളിൽ ക്രിസ്മസ് -പുതുവത്സര പ്രത്യേക റിബേറ്റ് ഡിസംബർ 31വരെ ലഭിക്കും. കൂടാതെ ഫെബ്രുവരി ഒമ്പത് മുതൽ 14 വരെയും റിബേറ്റുണ്ടാവും. കതിരൂർ സർവിസ് സഹകരണ ബാങ്കിലെ നൂറുകണക്കിന് ജീവനക്കാർ ഖാദി വസ്ത്രം ധരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഖാദി തുണിത്തരങ്ങൾ ജയരാജനിൽനിന്ന് കതിരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, സെക്രട്ടറി കെ. അശോകൻ എന്നിവർ ഏറ്റുവാങ്ങി. വാർത്തസമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, കണ്ണൂർ പ്രോജക്ട് ഓഫിസർ ഐ.കെ. അജിത് കുമാർ എന്നിവരും പങ്കെടുത്തു.