വിവരാവകാശ നിയമം ലംഘിച്ചാൽ നടപടി -കമീഷൻ
text_fieldsതലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്
തലശ്ശേരി: വിവരാവകാശ അപേക്ഷകൾക്ക് വിവരം മറച്ചുവെക്കുകയോ വ്യക്തമായ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ.ടി. കെ. രാമകൃഷ്ണൻ പറഞ്ഞു. തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കൃത്യവും വ്യക്തവുമായ വിവരങ്ങൾ സമയബന്ധിതമായി അപേക്ഷകർക്ക് ലഭ്യമാക്കേണ്ടത് വിവരാവകാശ ഓഫിസറുടെ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച വരുത്തിയാൽ വിവരാവകാശ നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. അപേക്ഷ ലഭിച്ച ഓഫിസിൽ വിവരം ലഭ്യമല്ലെങ്കിൽ ആ അപേക്ഷയുടെ പകർപ്പ് വിവരം ലഭ്യമാകുന്ന ഓഫിസിലേക്ക് വിവരാവകാശ നിയമം വകുപ്പ് 6 (3) പ്രകാരം അയച്ചു നൽകേണ്ടതാണ്.
മയ്യിൽ ഗ്രാമപഞ്ചായത്തിൽ പി.വി. രസ്ന നൽകിയ ഒരു അപേക്ഷ കാണാനില്ലെന്ന വാദം കമീഷൻ അംഗീകരിച്ചില്ല. അപേക്ഷ കണ്ടെത്തി അതിൽ സ്വീകരിച്ച നടപടികൾ ഹരജിക്കാരിയെ അറിയിക്കണമെന്ന് കമീഷൻ നിർദേശിച്ചു. തനിക്കെതിരെയുള്ള ഒരു പരാതിയുടെ പകർപ്പ് ലഭിക്കാനായി പി. ജനാർദ്ദനൻ നൽകിയ വിവരാവകാശ അപേക്ഷക്ക് ആവശ്യപ്പെട്ട രേഖയുടെ പകർപ്പ് നൽകാനായി
കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടററോട് നിർദേശിച്ചു. കണ്ണൂർ കലക്ടറേറ്റിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷകൾ സമയത്തിന് വിവരാവകാശ ഓഫിസറുടെ കൈയിൽ കിട്ടാത്തതുകൊണ്ടാണ് എസ്. സബിൻ നൽകിയ അപേക്ഷക്ക് വിവരം നൽകാൻ വൈകിയത് എന്ന കലക്ടറേറ്റിലെ വിവരാവകാശ ഓഫിസറുടെ വാദം കമീഷൻ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളേണ്ടതാണെന്ന് കമീഷണർ പറഞ്ഞു. ഹിയറിങ്ങിൽ 15 ഹരജികൾ തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

