പോക്സോ കേസിൽ മുങ്ങിയ പ്രതി പിടിയിൽ
text_fieldsസത്താർ
തലശ്ശേരി: പോക്സോ കേസിലെ പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. 2016 ൽ തലശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി ഗോപാലപേട്ടയിലെ സത്താറിനെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എൽ.പി വാറന്റ് അന്വേഷിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പി. റിജിൽ, സി.കെ. നിധിൻ എന്നിവരുടെ സമർഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതിയെ പിടികൂടാനാകാതെ അബ്സ്കോണ്ടിങ് ചാർജ് കൊടുത്തതിന് ശേഷം ഒമ്പത് വർഷത്തിലധികമായി മുങ്ങി നടക്കുകയായിരുന്നു പ്രതി.
പ്രതിയുടെ ഒരു ഫോട്ടോ പോലും ലഭിച്ചിരുന്നില്ല. എങ്ങനെയെങ്കിലും പ്രതിയെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിൽ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി നൂറുകണക്കിന് സത്താറുമാരെ ഐ.സി.ജെ.എസിൽ പരിശോധിച്ചതിൽനിന്നാണ് ഇതേ പേരിലുള്ള ഒരാൾ കോയമ്പത്തൂർ ജയിലിൽ തടവുകാരനായിരുന്ന വിവരം ലഭിച്ചത്.
കോയമ്പത്തൂർ ജയിലിൽ അന്വേഷിച്ചതിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി സിവിൽ സപ്ലൈ സി.ഐ.ഡി സ്റ്റേഷനിലെ കേസിലാണ് ഇയാൾ ജയിലിൽ കിടന്നതെന്ന് മനസ്സിലായി. ജയിലിൽ നിന്നും പ്രതിയുടെ ലോക്കൽ അഡ്രസ് ശേഖരിച്ച് അന്വേഷിച്ചതിൽ പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോട്ടോ നാട്ടിലെ വിശ്വസ്ഥരെ കാണിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയായ സത്താറാണെന്ന് വ്യക്തമായി. പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. സിവിൽ പൊലീസ് ഓഫിസറായ രോഹിത്തും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

