വിൽപന തുടരുന്നു; അക്കൗണ്ടും സിംകാർഡും
text_fieldsകണ്ണൂർ: ഡിജിറ്റൽ അറസ്റ്റടക്കമുള്ള ഓൺലൈൻ തട്ടിപ്പുകാർക്ക് വേണ്ടി ജില്ലയിൽ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വ്യാപകമായി വിൽക്കുന്നത് തുടരുന്നു. അന്യ സംസ്ഥാന ലോബികളുടെ തട്ടിപ്പിന് ഇരയായവരും കൂട്ടുനിൽക്കുന്നവരും ഏറെയും മലയാളികൾ. പലരും പിടിയിലായിട്ടും വലിയ ബോധവത്കരണങ്ങൾ നടക്കുമ്പോഴും ലാഭക്കൊതിയിൽ ഇപ്പോഴും ഇത്തരം കെണിയിൽ തല വെക്കുന്നവർ നിരവധിയാണ്. പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ തട്ടിപ്പുകാർക്ക് ഇത്തരത്തിൽ അക്കൗണ്ടും സിം കാർഡും വിൽപന നടത്തി ലക്ഷങ്ങൾ നേടിയതായി സൈബർ പൊലീസിന് വീണ്ടും വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരം തട്ടിപ്പിന് കൂട്ടുനിൽക്കുക വഴി നിശ്ചിത ശതമാനം തുക തുടക്കത്തിൽ നൽകും. പിന്നാലെ പണം അക്കൗണ്ടിൽ എത്തുന്ന മുറക്ക് കമീഷൻ തുകയും ലഭിക്കും. സംസ്ഥാനത്തിന് പുറത്തുള്ള ലോബികളാണ് ഓൺ ലൈൻ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ഇവർ മലയാളികളെ വലയിൽ വീഴ്ത്താൻ മലയാളികളായ ആളുകളെത്തന്നെ കുട്ടുപിടിക്കുന്നുവെന്നതാണ് കണ്ടെത്തൽ. നിശ്ചിത തുക വാഗ്ദാനം ചെയ്ത് അക്കൗണ്ടും സിം കാർഡും എടുപ്പിച്ച ശേഷം ആ അക്കൗണ്ടിലേക്കാണ് ആളുകളെ പറ്റിച്ച് പണം നിക്ഷേപിപ്പിക്കുന്നത്. അന്യ സംസ്ഥാനക്കാരുടെ ഓൺലൈൻ തട്ടിപ്പിന്റെ ഏജൻറുമാരായി ഇവിടെ ചിലർ പ്രവർത്തിക്കുന്നുണ്ട്.
താൽക്കാലിക ലാഭത്തിനു വേണ്ടി സ്വന്തം അക്കൗണ്ടും സിംകാർഡും വിലക്കുന്നവർ വരാനിരിക്കുന്ന കെണിയെപ്പറ്റി ആലോചിക്കുന്നേയില്ല. വിദ്യാർഥികളെയടക്കം ഇത്തരം കെണിയിൽ വീഴ്ത്തിയതായും സൂചനയുണ്ട്. ഓൺലൈൻ തട്ടിപ്പുകേസുകളിൽ ലക്ഷങ്ങളും കോടികളും നേടുന്നവർ പലപ്പോഴും രക്ഷപ്പെടുകയും അക്കൗണ്ട് വിറ്റവർ കെണിയുകയുമാണ് ചെയ്യുന്നത്. തട്ടിപ്പിനിരയാവുന്നവരുടെ അവസ്ഥയേക്കാൾ അക്കൗണ്ടും സിംകാർഡും നൽകുന്നവർ പൊലീസിന്റെ പിടിയിലാകുമെന്ന കാര്യം പലർക്കും അറിയില്ല. ഇത്തരത്തിൽ അക്കൗണ്ട് വിറ്റ നിരവധി പേർ സംസ്ഥാനത്താകെ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്.
മാസങ്ങൾക്ക് മുന്നേ ഇത്തരത്തിൽ അക്കൗണ്ട് വിൽപന നടത്തിയ പാപ്പിനിശ്ശേരി സ്വദേശി ഗോവ പൊലീസിന്റെ പിടിയിലായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് അന്ന് യുവാവും വീട്ടുകാരും കെണിയുടെ കാര്യം അറിഞ്ഞത്. നാമമാത്ര തുക മലയാളികളായവർക്ക് നൽകി ബാങ്ക് അക്കൗണ്ടും സിം കാർഡും കൈപ്പറ്റുന്ന സംഘം നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങളും അതിലധികവും തട്ടുന്നത് ഇപ്പോഴും തുടരുകയാണ്. ഇത്തരം കേസിൽപ്പെട്ടാലുണ്ടാകുന്ന ദുരിതം അറിയാതെയാണ് ചെറുപ്പക്കാരായവരടക്കം വീണ്ടും ഇതിന്റെ ഭാഗമാവുന്നത്. ജില്ലയിൽ ലോൺ ആപ്പ് കെണി നടത്തുന്ന സംഘത്തിന്റെ ഭാഗമായ ചിലരുടെയും ഇരയായ 10ലേറെ പേരുടെയും വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

