ചോരപടർന്ന് നിരത്തുകൾ നാലുദിവസത്തിനിടെ അഞ്ച് മരണം
text_fieldsകോട്ടയം പൊയിലിനടുത്ത് കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
കണ്ണൂര്‍: മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനകൾ നടക്കുമ്പോഴും നിരത്തിൽ ചോരപടരുന്നത് തുടരുന്നു. നാലുദിവസത്തിനിടെ അഞ്ചുപേരാണ് ജില്ലയിൽ വിവിധയിടങ്ങളിലായി വാഹനാപകടങ്ങളിൽ മരിച്ചത്.
ശനിയാഴ്ച നടന്ന അപകടങ്ങളിൽ രണ്ടു ഇരുചക്രവാഹന യാത്രികർക്കാണ് ജീവൻ നഷ്ടമായത്. കണ്ണൂരിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങവെ തെക്കി ബസാറിൽ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ (31), തലശ്ശേരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് കാർ കയറി പൊന്ന്യം സ്വദേശി താഹ (30) എന്നിവരാണ് മരിച്ചത്.
കൂത്തുപറമ്പ് ആറാംമൈലിൽ നിയന്ത്രണംവിട്ട കാർ വാനുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. വളവിൽ വലതുവശം കയറിവന്ന കാർ വാനിൽ ഇടിക്കുകയായിരുന്നു. ചെറിയ വാഹനങ്ങൾ മുന്നിലുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചേനെ. കഴിഞ്ഞദിവസം വേളാപുരത്തിന് സമീപം സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ചേലേരി സ്വദേശിയായ വിദ്യാർഥി പി. ആകാശ് മരിച്ചിരുന്നു.
ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിലെ റോഡിന്റെ ദുരവസ്ഥയിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. ആറുമാസത്തിനിടെ ഒട്ടേറെ പേരാണ് ഇവിടെ വാഹനാപകടത്തിൽപെട്ടത്. ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേർക്ക് ജീവനും നഷ്ടമായി. കഴിഞ്ഞദിവസം മട്ടന്നൂര്‍ ഉളിയില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. മകന്റെ വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കിടെ കാലാങ്കി കയ്യൂന്നുപാറ തോമസിന്റെ ഭാര്യ ബീനയും തോമസിന്റെ സഹോദരി പുത്രൻ ലിജോബിയുമാണ് മരിച്ചത്. നാലുവർഷത്തിനിടയിൽ 15 പേരാണ് കൂട്ടുപുഴ വളവുപാറമുതൽ കളറോഡ് പാലംവരെയുള്ള ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചത്. മുഴപ്പിലങ്ങാട് കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചതും ചെങ്ങളായി വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചതും അടുത്തിടെയാണ്. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടുന്നതിനുള്ള കാരണം. സ്കൂള്‍ ബസുകളടക്കം നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പായുന്നത്.
മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടത്തുന്ന സംയുക്ത വാഹനപരിശോധനയില്‍ 2500ഓളം കേസുകളിലായി 40 ലക്ഷത്തോളം രൂപ പിഴയീടാക്കിയിട്ടുണ്ട്. പൊലീസ് പരിശോധന കുറഞ്ഞയിടങ്ങളിലും നിരീക്ഷണ കാമറകൾ ഇല്ലാത്തയിടങ്ങളിലും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വാഹനങ്ങളുടെ പോക്ക്. അതിതീവ്ര അപകട മേഖലകളായി ജില്ലയിൽ 27 കേന്ദ്രങ്ങളെ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

