എൻജിനീയറിങ് വിദ്യാർഥിയുടെ അപകടമരണം: കാറോടിച്ചയാൾ മുൻകൂർ ജാമ്യം തേടി
text_fieldsതലശ്ശേരി: എൻജിനീയറിങ് വിദ്യാർഥി താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾ മുൻകൂർ ജാമ്യം തേടി കോടതിയിൽ.അപകടം വരുത്തിയ പജേറോ വാഹനമോടിച്ച കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിെൻറ മകൻ റൂബിനാണ് (19) തലശ്ശേരി ജില്ല കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമം 304 പ്രകാരം ജീവാപായം സംഭവിക്കുമെന്നറിഞ്ഞുകൊണ്ടുള്ള അപകടം സൃഷ്ടിക്കൽ, നരഹത്യ വകുപ്പിലാണ് യുവാവിനെതിരെ കേസുള്ളത്.
രൂപമാറ്റം നടത്തിയ പജേറോ കാറുമായി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ സംഘത്തിെൻറ ക്രൂരതയിലാണ് നിരപരാധിയായ യുവാവിെൻറ ജീവൻ നഷ്ടപ്പെട്ടതെന്ന് സംഭവദിവസം മുതൽ ആരോപണമുണ്ടായിരുന്നു. ഫറാസ് സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിൽ, സംഘത്തിെൻറ പജേറോ ഇടിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.