ദേശീയപാതയിൽ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർക്ക് പരിക്ക്
text_fieldsപയ്യോളി: ദേശീയപാതയിൽ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം ബദരിയ ജുമാമസ്ജിദിന് മുൻവശത്താണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെടുമങ്ങാട് എസ്.ജെ മൻസിലിൽ അബു ത്വാലിഹ് (44), ഭാര്യ ജമീല (34), മകൾ ഫാത്തിമത്തുൽ ജദീറ (10), മുഹമ്മദ് സാബിത്ത് (8), മുഹമ്മദ് ഷസിൽ (പത്ത് മാസം) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ ജമീലയെ വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. തിരുവനന്തപുരത്ത് നിന്ന് ജമീലയുടെ വീടായ കാസർകോട് ചെറുവത്തൂരിലെ വീട്ടിലേക്ക് ബുധനാഴ്ച യാത്രപുറപ്പെട്ടതായിരുന്നു കുടുംബം. കാസർകോട് സ്വദേശികളായ കുടുംബം തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്. മംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപെട്ട പിക്അപ് വാൻ. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽനിന്ന് തെന്നിമാറി. സംഭവസമയത്ത് കനത്ത മഴ പെയ്തത് കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. പിക്അപ് വാനിലുണ്ടായിരുന്ന ഡ്രൈവറടക്കം മംഗളൂരു സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

