അബ്ദുൽ അഫീസിന് മരണാനന്തര ബഹുമതി
text_fieldsകണ്ണൂർ: കേരള ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, തലാസീമിയ ദിനത്തോടനുബന്ധിച്ച് 'കോവിഡ് മഹാമാരിയും തലാസീമിയ രോഗികളും' വിഷയത്തിൽ തലാസീമിയ രോഗികൾക്കായി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ കാസർകോട് മൊഗ്രാൽ സ്വദേശി നൂർ വില്ലയിൽ അബ്ദുൽ അഫീസിന് മരണാനന്തര ബഹുമതിയായി ഒന്നാം സമ്മാനം നൽകി.
ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ഭാരവാഹികൾ അഫീസിെൻറ വീട്ടിൽ ചെന്നാണ് ബഹുമതി സമർപ്പിച്ചത്.
കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.വി. അബ്ദുൽ അസീസിൽനിന്നും ഫലകവും അവാർഡ് തുകയും അഫീസിെൻറ മാതാപിതാക്കൾ ഏറ്റുവാങ്ങി. കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.കെ. സജ്ന, കാസർകോട് ജില്ല കോഒാഡിനേറ്റർ മൊയ്തീൻ പൂവടുക്ക, എം.ടി.പി. ബഷീർ അഹ്മദ്, അബൂബക്കർ താഷ്ക്കൻറ്, മമത ചെമ്മനാട്, ഫാത്തിമ സെൻഹ, പൃഥ്വി തുടങ്ങിയവർ പങ്കെടുത്തു.
കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് മംഗളൂരുലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അഫീസ് പ്രബന്ധം പൂർത്തീകരിച്ച് മത്സരത്തിനയച്ചത്.
രോഗം മൂർച്ഛിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ മരിച്ചു. ബി.പി.പി.സി സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരിയുടെ സന്ദേശവും അവർ കുടുംബത്തിന് കൈമാറി. മൊഗ്രാലിലെ മുഹമ്മദ് സഹീദ്–അസ്മ ദമ്പതികളുടെ ഏക മകനായിരുന്നു അഫീസ്.