ആറാംമൈൽ അപകടം; ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsകൂത്തുപറമ്പിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്
ബസുകളിൽ പരിശോധന നടത്തുന്നു
കണ്ണൂർ: കതിരൂർ ആറാംമൈലിൽ സ്വകാര്യ ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടു യുവാക്കൾ മരിച്ച സാഹചര്യത്തിൽ ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് വിഭാഗമാണ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. ബസ് സ്റ്റാൻഡുകളിൽ നിർത്തിയിട്ട ബസുകളും പരിശോധിച്ചു.
വാഹനങ്ങളുടെ ഫിറ്റ്നസ്, രേഖകൾ തുടങ്ങിയവ പരിശോധിച്ചു. സുരക്ഷയുടെ ഭാഗമായി ടയറുകളുടെ നിലവാരവും വാതിലുകളുടെ പ്രവർത്തനവും സംഘം വിലയിരുത്തി. ഓട്ടോമാറ്റിക് വാതിലുകൾ അടക്കാതെയുള്ള ബസുകളുടെ ഓട്ടം അപകടത്തിന് കാരണമാകാറുണ്ട്.
യാത്രക്കാർ വീഴുന്ന സംഭവങ്ങളും ഏറെയാണ്. ജീവനക്കാരുടെ ലൈസൻസും എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചു. ലൈസൻസ് ഇല്ലാതെ ഡ്രൈവർമാർ ബസ് ഓടിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. ചില റൂട്ടുകളിൽ അവസാന ട്രിപ്പുകളിൽ ഡ്രൈവർക്ക് പകരം ക്ലീനർ ബസ് ഓടിക്കുന്നത് സംബന്ധിച്ച് ചില യാത്രക്കാർ പരാതിപ്പെട്ടിരുന്നു.
ആറാംമൈലിലുണ്ടായ സംഭവത്തിൽ സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ.
മറ്റു വാഹനങ്ങളെ മറികടന്നുവന്ന ബസ് നേരിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ ഗ്യാസ് ടാങ്കിൽ ഇടിച്ചതോടെ വാൽവ് പൊട്ടി ഇന്ധനം ചോർന്ന് തീപടരുകയായിരുന്നു. രക്ഷാപ്രവർത്തനം പോലും സാധ്യമാകാതെ നിമിഷനേരം കൊണ്ടാണ് ഓട്ടോ മറിഞ്ഞ് കത്തി യാത്രക്കാരനും ഡ്രൈവറും വെന്തുമരിച്ചത്.
സംഭവത്തിൽ ബസ് ഡ്രൈവർ മുടപ്പത്തൂരിലെ സുധിൽ അത്തിക്കയെ (32) കഴിഞ്ഞദിവസം കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അപകടശേഷം ഓടിക്കളഞ്ഞ ഇയാൾ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് എൻഫോഴ്സ്മെന്റ് പരിശോധന. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി. ഷീബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

