കാറില്‍ കടത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsrepresentational image
കണ്ണൂര്‍: കക്കാട് അത്താഴക്കുന്നില്‍ കാറില്‍ കടത്തുകയായിരുന്ന വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരുകിലോ ഹാഷിഷ് ഓയില്‍, 5.8 ഗ്രാം എം.ഡി.എം.എ, അഞ്ചുകിലോ കഞ്ചാവ് എന്നിവയാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികള്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം.
രാത്രികാല പട്രോളിങ്ങിനിടെ അത്താഴക്കുന്ന് ഭാഗത്ത് സംശയാസ്പദമായ നിലയില്‍ സഞ്ചരിക്കുന്ന കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ട് പ്രതികള്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയായിരുന്നു. പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാര്‍ നിര്‍ത്തി പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
വാഹനത്തില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ ആര്.സി ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. പ്രതികള്‍ക്ക് കാര്‍ വാടകക്ക് നല്‍കിയതെന്നാണ് ആര്.സി ഉടമ പറഞ്ഞത്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
സമീപകാലത്ത് ജില്ലയില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പ്രതികള്‍ കണ്ണൂര്‍ ജില്ലക്കാര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊർജിതമാക്കി.

