തോട്ടടയിൽ സ്പോർട്സ് ഫാക്ടറിയിൽ തീപിടിത്തം
text_fieldsകണ്ണൂർ തോട്ടട വട്ടക്കുളത്തെ ടെന്നിസ് ബാൾ കമ്പനിക്ക് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ പടർന്ന തീ അഗ്നിരക്ഷസേന അണക്കുന്നു
കണ്ണൂർ: തോട്ടട വട്ടക്കുളത്ത് സ്പോർട്സ് സാമഗ്രികൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം. ക്ലാസിക് സ്പോർട്സ് ഗുഡ്സ് ഫാക്ടറിയിലെ മാലിന്യം കൂട്ടിയിട്ട ഭാഗത്താണ് ശനിയാഴ്ച രാവിലെ പത്തോടെ തീപടർന്നത്. ടെന്നിസ് ബാൾ നിർമാണത്തിനെ തുടർന്നുണ്ടായ റബർ മാലിന്യത്തിനാണ് തീപിടിച്ചത്. സംഭവസമയത്ത് സ്ത്രീകൾ അടക്കമുള്ള അമ്പതിലേറെ തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
കണ്ണൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഫാക്ടറിയിലേക്ക് തീപടരുന്നത് തടഞ്ഞത്. മൂന്നടിയോളം ഉയരത്തിൽ ചെറിയ റബർ പാളികളായതിനാൽ അതിവേഗത്തിലാണ് തീ പടർന്നത്. മൂന്നു യൂനിറ്റുകൾ ചേർന്ന് 22,000 ലിറ്റർ വെള്ളമുപയോഗിച്ച് രണ്ടര മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അടിത്തട്ടിലോളമെത്തിയതിനാൽ മണ്ണുമാന്തിയുപയോഗിച്ച് മാലിന്യം മാറ്റിയാണ് പൂർണമായും കെടുത്തിയത്.
അന്തർസംസ്ഥാന തൊഴിലാളികൾ മാലിന്യം കത്തിക്കുന്നതിനിടെ അശ്രദ്ധയിൽ തീ പടർന്നതാണെന്ന് കരുതുന്നതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്താകെ പുക ഉയർന്നു. സ്റ്റേഷൻ ഓഫിസർ കെ.വി. ലക്ഷ്മണൻ, അസി. സ്റ്റേഷൻ ഓഫിസർമാരായ പുരുഷോത്തമൻ, ജി. മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.