കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsകണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന മാരിതി ആൾട്ടോ കാറിന് തീപിടിച്ച് കാർ കത്തി നശിച്ചു. ശനി രാത്രി 10ഓടെ പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുന്നിലാണ് സംഭവം. പുതിയതെരു ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 13 ആർ 8082 നമ്പർ കാറിനാണ് തീപിടിച്ചത്.
പുക ഉയരുന്നത് കണ്ടയുടൻ കാറിലുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് ചാടിയിറങ്ങുകയായിരുന്നു. കുറുവ സ്വദേശി അനീഷിന്റെ കാറാണ് കത്തി നശിച്ചത്. അനീഷും മറ്റു മൂന്നുപേരുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു.
കണ്ണൂരിൽ നിന്നെത്തിയ ഒരു യൂനിറ്റ് അഗ്നിരക്ഷാസനേ സ്ഥലത്തെത്തി ഏറെ നേരം സമയമെടുത്താണ് തീയണച്ചത്. പെട്രോളിന്റെ പൈപ്പ് ലീക്കായി അതിൽ നിന്നും തീ ഉയർന്ന് തീപിടിത്തമുണ്ടായതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

