ഇനി ചാർജ് ചെയ്ത് യാത്ര തുടരാം; കണ്ണൂരിൽ 91 ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രങ്ങൾ തയാറായി
text_fieldsഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ ജില്ലതല ഉദ്ഘാടനം മയ്യിൽ ടൗൺ പരിസരത്ത് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു
കണ്ണൂർ: ജില്ലയിലെ 89 വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങളുടെയും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം മയ്യിലിൽ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. സിൽവർലൈൻ യാഥാർഥ്യമായാൽ കേരളത്തിൽ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെ.എസ്.ഇ.ബിയാണ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച ചാർജിങ് സെന്ററുകൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ നാലുചക്ര വാഹനങ്ങൾക്കും വേണ്ടിയാണ്.
മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം. എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1165 വൈദ്യുതി തൂണുകളിൽ ചാർജിങ് സെന്ററുകളുമാണ് കെ.എസ്.ഇ.ബി സ്ഥാപിക്കുന്നത്.
2020ൽ കെ.എസ്.ഇ.ബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാലുചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിങ് സ്റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്സ്റ്റേഷൻ പരിസരത്തായിരുന്നു. മയ്യിലിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.എൽ ഡയറക്ടർ ആർ. സുകു റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. റിഷ്ന, കെ.പി. അബ്ദുൽ മജീദ്, പി.പി. റെജി, കെ.പി. രമണി, ജില്ല പഞ്ചായത്തംഗം എം.വി. ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഓമന, മയ്യിൽ പഞ്ചായത്തംഗം ഇ.എം. സുരേഷ് ബാബു, കെ.എസ്.ഇ.ബി.എൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി. അശോക്, ഡിസ്ട്രിബ്യൂഷൻ നോർത്ത് മലബാർ ചീഫ് എൻജിനീയർ കെ.എ. ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ
ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ: കണ്ണൂർ ടൗൺ സബ് സ്റ്റേഷൻ, പടന്നപ്പാലത്തെ വളപട്ടണം കെ.എസ്.ഇ.ബി സ്റ്റേഷൻ.
വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച ചാർജിങ് സെന്ററുകൾ
കണ്ണൂർ മണ്ഡലം: തെക്കീ ബസാർ, കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, രാജേന്ദ്ര പാർക്ക്, പ്രഭാത് ജങ്ഷൻ, എസ്.എൻ പാർക്ക്, വലിയന്നൂർ, മതുക്കോത്ത്, ഏച്ചൂർ, കുടുക്കിമൊട്ട, മുണ്ടേരിമൊട്ട, ജില്ല ആശുപത്രി പരിസരം, മേലെചൊവ്വ, തോട്ടട ബസ് സ്റ്റോപ്, താഴെചൊവ്വ, വാരം, തയ്യിൽ, സിറ്റി, ചാല അമ്പലം.
പേരാവൂർ മണ്ഡലം: ഇരിട്ടി, വള്ളിത്തോട്, എടൂർ, പേരാവൂർ, കേളകം.
തലശ്ശേരി മണ്ഡലം: തലശ്ശേരി നഗരസഭ സ്റ്റേഡിയം, തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, മഞ്ഞോടി, ചൊക്ലി, പരിമഠം, കതിരൂർ, കുറിച്ചിയിൽ.
മട്ടന്നൂർ മണ്ഡലം: ചാലോട്, പടിയൂർ, വായാന്തോട്, പാലോട്ടുപള്ളി, ശിവപുരം, ചിറ്റാരിപ്പറമ്പ്.
അഴീക്കോട് മണ്ഡലം: പൊടിക്കുണ്ട് മിൽമ പരിസരം, ചിറക്കൽ എഫ്.എച്ച്.സി, ചിറക്കൽ ഹൈവേ ജങ്ഷൻ, അഴീക്കോട് വൻകുളത്ത് വയൽ, പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രം, കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ പരിസരം.
കൂത്തുപറമ്പ് മണ്ഡലം: പാനൂർ ബസ് സ്റ്റാൻഡ്, തെക്കെ പാനൂർ, പെരിങ്ങത്തൂർ, പാറാട്, കല്ലിക്കണ്ടി, പൊയിലൂർ, പൂക്കോട്, കൂത്തുപറമ്പ് ട്രഷറി പരിസരം, കോട്ടയം പൊയിൽ.
പയ്യന്നൂർ: പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാത്തിൽ, മാതമംഗലം ന്യൂ ബസ് സ്റ്റാൻഡ്, ഓണക്കുന്ന്.
ധർമടം മണ്ഡലം: ചക്കരക്കല്ല്, ധർമടം ബ്രണ്ണൻ കോളജിന് സമീപം, ചിറക്കുനി, പിണറായി, മമ്പറം, പെരളശ്ശേരി.