ആറളം ഫാമില്‍ വട്ടമിടുന്നത് 20 കാട്ടാനകൾ; തുരത്തല്‍ തുടങ്ങി
text_fieldsകേളകം: ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തല്‍ വീണ്ടും ആരംഭിച്ചു. ആറളം കാര്‍ഷിക ഫാമില്‍ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താനാണ് വനം വകുപ്പ് അധികൃതര്‍ നടപടി ആരംഭിച്ചത്.
കാട്ടാന ഭീതി മൂലം കാര്‍ഷിക ഫാമിലെ കശുവണ്ടിയുള്പ്പെടെ ആദായങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് തയാറാകാത്തതില്‍ പ്രതിഷേധവും ശക്തമായി ഉയര്‍ന്നിരുന്നു. ആറളം ഫാമില്‍ താവളമാക്കിയ കാട്ടാനകള്‍ സമീപ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമാണ് വരുത്തിയിരുന്നത്.
ആറളം ഫാമില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടാനകള്‍ വരുത്തിയത്. 20 ഓളം കാട്ടാനകളാണ് ഇവിടെ വട്ടമിട്ട് നാശം വിതച്ചു കൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് ആനകളെ കാട്ടിലേക്ക് തുരത്താന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചത്. ആറളം അസി. വാർഡൻ സുനിൽ കുമാർ, െഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ, വാച്ചര്‍മാരുമടങ്ങുന്ന 40 പേരാണ് രംഗത്തുള്ളത്. ഫാം നാലാം ബ്ലോക്കിൽ തമ്പടിച്ച ആറ് കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.