ലഹരി; സ്കൂൾ പരിസരങ്ങളിൽ എക്സൈസ് പരിശോധന 1723 തവണ
text_fieldsകണ്ണൂർ: വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗവും വിതരണവും തടയാനായി സ്കൂൾ പരിസരങ്ങളിൽ ഈ വർഷം എക്സൈസ് പരിശോധന നടത്തിയത് 1723 തവണ. ജില്ലയിലെ സ്കൂളുകളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുകയും ജാഗ്രത സമിതികൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കോളജുകളിൽ നേർക്കൂട്ടം, ശ്രദ്ധ തുടങ്ങിയ വിമുക്തി പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
സ്കൂൾ പരിസരങ്ങൾ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ, അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, നഗറുകൾ എന്നിവിടങ്ങളിൽ പട്രോളിങ് നടത്തുന്നുണ്ട്. കഴിഞ്ഞ എട്ടു മാസത്തിൽ 7485 പരിശോധനകൾ, 205 സംയുക്ത പരിശോധനകൾ, 404 നഗർ പരിശോധന, 88510 വാഹന പരിശോധന, 147 ലേബർ ക്യാമ്പ് പരിശോധന എന്നിവ നടത്തി.
1130 അബ്കാരി കേസുകൾ, 508 എൻ.ഡി.പി.എസ് കേസുകൾ, 3965 കോട്പ കേസുകൾ എന്നിവ ഈ വർഷം എടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സതീഷ് കുമാർ പറഞ്ഞു. ഇതിൽ 933 അബ്കാരി കേസുകളിലെയും 516 എൻ.ഡി.പി.എസ് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓണം: സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബർ 10 വരെ തുടരും
ഓണത്തോടനുബന്ധിച്ച് അബ്കാരി, എൻ.ഡി.പി.എസ് മേഖലയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള തീവ്രയത്ന പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബർ 10 വരെ നീളും. ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ ഒരു സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഹെഡ് ക്വാർട്ടേഴ്സ് കൺട്രോൾ റൂമും ഡെപ്യൂട്ടി എക്സൈസ് കമീഷണർമാരുടെ മേൽനോട്ടത്തിൽ ജില്ലതല കൺട്രോൾ റൂമുകളും രൂപവത്കരിച്ചിട്ടുണ്ട്.
കൂടാതെ ഓരോ ജില്ലയേയും രണ്ട് മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും എക്സൈസ് സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകളുമുണ്ട്.
അതിർത്തി പ്രദേശങ്ങളിൽ മുഴുവൻ സമയവും പട്രോളിങ് ശക്തിപ്പെടുത്തി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തുന്നതിനും അതിർത്തി പ്രദേശങ്ങളിലും തീരപ്രദേശങ്ങളിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് പരിശോധനകൾ നടത്തുന്നതിനും തീരുമാനിച്ചു.
ജനകീയ കമ്മിറ്റി മൂന്നുമാസത്തിലൊരിക്കൽ ചേരും
വ്യാജ മദ്യത്തിന്റെ ഉൽപാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി ജില്ലയിൽ രൂപവത്കരിച്ച ജില്ലതല ജനകീയ കമ്മിറ്റി മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരും. എ.ഡി.എം കലാഭാസ്കറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓണാഘോഷ വേളകളിൽ വ്യാജ വാറ്റ്, വ്യാജ മദ്യ നിർമാണം, വിതരണം, സ്പിരിറ്റ് കടത്ത്, വീര്യം കൂടിയ ആയുർവേദ അരിഷ്ടങ്ങളുടെ നിർമാണം, വിൽപന, മറ്റ് ലഹരി വസ്തുക്കളുടെ വിൽപന, ഉപയോഗം എന്നിവ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായിവെക്കും. ഫോൺ: 04972706698.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

