വനിത കമീഷൻ അദാലത്തിൽ 16 കേസുകൾ പരിഹരിച്ചു
text_fieldsസംസ്ഥാന വനിത കമീഷൻ അംഗം പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ്
ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത്
കണ്ണുർ: സംസ്ഥാന വനിത കമീഷൻ അംഗം പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 63 കേസുകൾ പരിഗണിച്ചു. ഇതിൽ 16 എണ്ണം പരിഹരിച്ചു. ഏഴ് കേസുകൾ പൊലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാസമിതിക്കും കൈമാറി. മൂന്ന് കേസുകൾ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കൈമാറി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കുടുംബ വിഷയങ്ങളിലുണ്ടാകുന്ന ആത്മഹത്യ തടയാൻ സാമൂഹിക ജാഗ്രത അനിവാര്യമാണെന്ന് അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു.
പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൗൺസലിങ് ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ട സാഹചര്യമുണ്ട്. വ്യക്തികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്ക് വീട്ടന്തരീക്ഷത്തിൽതന്നെ പരിഹാരം കാണാൻ ഈ സംവിധാനം ഒരു പരിധി വരെ സഹായകരമാകും.
മാനസികാരോഗ്യ പരിപാലനത്തിന് ആവശ്യമായ ബോധവത്കരണ പരിപാടികൾ പി.എച്ച്.സികളിൽ ശക്തമാക്കണമെന്നും അവർ പറഞ്ഞു. ഗാർഹിക പീഡനം, കുടുംബ പ്രശ്‌നം, വഴിത്തർക്കം, അൺ എയ്ഡഡ് മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയാണ് പരിഗണിച്ച കേസുകൾ. അഭിഭാഷകരായ പത്മജ പത്മനാഭൻ, കെ.പി. ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

