മോഷണംപോയ 15 പവൻ വീടിന്റെ ഗേറ്റിൽ
text_fieldsകണ്ണൂർ: കണ്ണൂരിലെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ 15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ.
മോഷണ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഭാഗികമായി തിരികെ കിട്ടുന്നത്. വീട്ടുകാർ തൊട്ടടുത്ത കുടുംബ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് സ്വർണമടങ്ങിയ സഞ്ചി ശ്രദ്ധയിൽപെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് സ്വർണം കൈമാറി. തയ്യിൽ കുറുംബക്കാവിന് സമീപത്തെ ടി. പ്രസന്നയുടെ വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ നിന്ന് ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. അലമാരയിൽ സൂക്ഷിച്ച അഞ്ച് പവന്റെ മാല, നാല് പവന്റെ ഒരു വള, രണ്ടര പവന്റെ വള, രണ്ടു പവന്റെ ചെയിൻ, മോതിരം, മൂന്നര പവന്റെ നെക്ളേസ്, ഒന്നര പവന്റെ നെക്ലേസ്, ഒന്നേമുക്കാൽ പവന്റെ നെക്ലേസ് എന്നിങ്ങനെ ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.
ഇത്രയും സ്വർണാഭരണം നഷ്ടപ്പെട്ടതോടെ വൻ പൊലീസ് സംഘവും പരിശോധനക്ക് വീട്ടിലെത്തി. സിറ്റി പൊലീസ് അന്വേഷണം നടത്തി വരവേയാണ് ആഭരണങ്ങളിൽ നല്ലൊരു പങ്ക് തിരികെ കിട്ടുന്നത്. ആരാണ് ഇത് കൊണ്ടുവച്ചതെന്ന സൂചന ലഭിച്ചിട്ടില്ല.
സ്വർണം കണ്ടെത്തിയ വിവരം വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന കണ്ണൂർ സിറ്റി സ്റ്റേഷൻ ഹൗസ് ഓഫിസർ വൈഷ്ണവ് രാമചന്ദ്രൻ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാർക്ക് പുറമേ വീട്ടിൽ പെയിന്റിങ് ജോലിയിൽ ഏർപ്പെട്ടവരേയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. മോഷ്ടാവിനെ ഉടൻ പിടികൂടുമെന്ന ഭയമാണ് സ്വർണം തിരികെ തരാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

