Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരില്‍ നഗരസഞ്ചയ...

കണ്ണൂരില്‍ നഗരസഞ്ചയ പദ്ധതിക്ക്​ 189 കോടി

text_fields
bookmark_border
കണ്ണൂരില്‍ നഗരസഞ്ചയ പദ്ധതിക്ക്​ 189 കോടികണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ നഗരസഞ്ചയ പഞ്ചവത്സര പദ്ധതിക്ക്​ ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്ന നഗരസഞ്ചയങ്ങള്‍ക്ക്​ മാത്രമാണ് പദ്ധതിവിഹിതത്തിന്​ അര്‍ഹതയുള്ളത്. അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിക്കായി ജില്ലയില്‍ 189 കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂര്‍ നഗരസഞ്ചയത്തില്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍, പാനൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിങ്ങനെ ആറു നഗരസഭകളും 42 ഗ്രാമപഞ്ചായത്തുകളുമാണ് ഉള്‍പ്പെടുന്നത്. 2021-22 വര്‍ഷത്തില്‍ 35 കോടി രൂപ, 22 -23ല്‍ 36 കോടി, 23 -24ല്‍ 38 കോടി, 24 -25ല്‍ 39 കോടി, 25 -26ല്‍ 41 കോടി എന്നിങ്ങനെയാണ് മൊത്തം 189 കോടി രൂപ അനുവദിച്ചത്. മാലിന്യം വലിച്ചെറിയല്‍, പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന വിധമുള്ള മാലിന്യം തള്ളൽ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നത്. 2022 -23 മുതല്‍ വിഹിതം ലഭിക്കുന്നതിനായി പദ്ധതിക്കുകീഴിലെ തദ്ദേശസ്ഥാപനങ്ങള്‍ ബാങ്ക് അക്കൗണ്ട് പി.എഫ്.എം.എസുമായി ബന്ധിപ്പിക്കണം. ഒരേക്കറില്‍ കൂടുതല്‍ വിസ്തൃതിയിലുള്ള മൂന്നു ജലാശയങ്ങളുടെ പുനരുജ്ജീവനം, മലിനജലത്തിന്റെ പുനരുപയോഗം, കുടിവെള്ള വിതരണമില്ലാത്ത പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കല്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. പൈപ്പിലൂടെയുള്ള കുടിവെള്ള ശുചിത്വം നടപ്പാക്കിയ കുടുംബം, പ്രതിദിനം ലഭ്യമാക്കുന്ന ആളോഹരി ജലം, ഉപഭോക്തക്കളില്‍ എത്താതെ പോകുന്ന കുടിവെള്ളത്തിന്റെ അളവ് കുറക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്‌കോര്‍ നിശ്ചിയിക്കുന്നത്. പദ്ധതി രൂപവത്​കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കുന്നതിന്​ ജില്ല ആസൂത്രണസമിതി ചെയര്‍മാന്‍ അധ്യക്ഷനും ജില്ല കലക്ടര്‍ മെംബര്‍ സെക്രട്ടറിയും ജില്ല പ്ലാനിങ് ഓഫിസര്‍ കണ്‍വീനറുമായി സബ് കമ്മിറ്റിയും കോര്‍പറേഷന്‍ മേയര്‍ ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി ജോയൻറ്​ പ്ലാനിങ് കമ്മിറ്റിയും രൂപവത്​കരിച്ചിട്ടുണ്ട്​.
Show Full Article
TAGS:
Next Story