Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM ISTപാറപ്രം റഗുലേറ്റർ പുനർനിർമിക്കുന്നു; ശിലാസ്ഥാപനം 15ന്
text_fieldsbookmark_border
തലശ്ശേരി: അഞ്ചരക്കണ്ടിപ്പുഴയിൽ പിണറായി പാറപ്രത്ത് പുതിയ റഗുലേറ്റർ കം ബ്രിഡ്‌ജ് നിർമാണത്തിന് 15ന് ഉച്ചക്കുശേഷം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിടും. 44.49 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസംകൊണ്ട് പൂർത്തിയാക്കും. അഞ്ചരക്കണ്ടി പുഴയിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതി കൃഷിക്കും പ്രയോജനപ്പെടും. പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി പഞ്ചായത്തുകളിലെ 1200 ഏക്കർ സ്ഥലത്ത് ഉപ്പുവെള്ളം കയറുന്നത് ഇതുവഴി തടയാം. തലശ്ശേരി, മാഹി നഗരസഭകൾ, ധർമടം പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് കീഴല്ലൂർ പമ്പിങ് സ്‌റ്റേഷനിൽനിന്ന് കൊടും വേനലിലും കുടിവെള്ളം ലഭിക്കും. വെള്ളത്തിലെ ലവണാംശത്തിൻെറ അളവും നിയന്ത്രിക്കാം. പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഉയരുമെന്നതും നേട്ടമാണ്. നിർദിഷ്ട റഗുലേറ്റർ കം ബ്രിഡ്‌ജിന് 99.6 മീറ്ററാണ് നീളം.12 മീറ്റർ നീളമുള്ള ആറ് ഷട്ടറുകളും 14 മീറ്റർ നീളമുള്ള ലോക്കും 1.5 മീറ്റർ വീതിയുള്ള നടപ്പാലവും പ്രത്യേകതയാണ്. ജലഗതാഗതത്തിനായാണ് നാവിഗേഷൻ ലോക്ക്. കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയും പദ്ധതിയിൽ വിഭാവനം ചെയ്‌തിട്ടുണ്ട്. ധർമടം മണ്ഡലത്തിലെ പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിക്കും. പൂർണമായും വൈദ്യുതിയിലാണ് ഷട്ടറുകൾ പ്രവർത്തിക്കുക. ഇതിന് ആവശ്യമായ ജനറേറ്റർ സംവിധാനവുമുണ്ടാവും. പൗലോസ് ജോർജ് കൺസ്‌ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തത്. 1989ൽ നിർമിച്ച പഴയ റഗുലേറ്റർ പ്രവർത്തനക്ഷമമല്ലാതായതോടെയാണ് പുതിയത് പണിയുന്നത്. കിഫ്‌ബിയിൽനിന്ന് 46.37 കോടി രൂപ പദ്ധതിക്ക് നേരത്തെ അനുവദിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിണറായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story