Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:33 AM IST Updated On
date_range 2 May 2022 5:33 AM ISTആദിവാസി ഭൂമി തിരിച്ചുപിടിക്കൽ: വനം വകുപ്പ് പദ്ധതിക്ക് തിരിച്ചടി
text_fieldsbookmark_border
കേളകം: ആദിവാസി പുനരധിവാസ മിഷൻ ആദിവാസികൾക്ക് ആറളം ഫാമിൽ പതിച്ചുനൽകിയ 156 ഏക്കർ സ്ഥലം തിരിച്ചുപിടിക്കാൻ വനംവകുപ്പ് നടത്തിയ ശ്രമം വിജയം കണ്ടില്ല. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും സ്ഥലം പതിച്ചുനൽകിയത്. പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിൽ 156 കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയിലാണ് അവകാശമുന്നയിച്ച് ആറളം വന്യജീവിസങ്കേതം അധികൃതർ ടി.ആർ.ഡി.എം സൈറ്റ് മാനേജർക്ക് നേരത്തേ കത്ത് നൽകിയിരുന്നത്. മേഖലയിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടൽ പരിഹരിക്കുന്നതിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പതിച്ചുനൽകിയ ഭൂമി തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയത്. വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന പ്രദേശം കാടുമൂടി വനത്തിന് സമാനമാണ്. ഇവിടങ്ങളിലാണ് കാട്ടാനയുൾപ്പെടെ വന്യജീവികൾ താവളമാക്കുന്നതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആനശല്യവും മറ്റും കാരണം ഈ പ്രദേശത്ത് ഇപ്പോൾ ജനവാസമില്ല. ഇത് വനമേഖലയോട് ചേർത്താൽ വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കാമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. ആറളം ഫാമിൽ നാലുഘട്ടമായി ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽപ്പെട്ടതാണിത്. ആദിവാസികൾക്ക് പട്ടയം അനുവദിച്ചെങ്കിലും ഭൂമിയുടെ ക്രയവിക്രയം നടക്കണമെങ്കിൽ ആദിവാസി പുനരധിവാസ മിഷന്റെ അനുമതി വേണം. കാടുമൂടിക്കിടന്ന പ്രദേശം എന്ന നിലയിലും വന്യജീവിസങ്കേതവുമായി അതിർത്തി പങ്കിടുന്നുവെന്ന കാരണവും പറഞ്ഞ് ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തെ പുരധിവാസ മിഷൻ ശക്തമായി എതിർത്തിരുന്നു. പുനരധിവാസ മിഷന്റെ കൈവശമുള്ള സ്ഥലത്തിന്റെ രൂപരേഖയും അതിർത്തി നിർണയ രേഖയും സമർപ്പിക്കാനായിരുന്നു നേരത്തേ വനംവകുപ്പ് ആവശ്യപ്പെട്ടത്. പുനരധിവാസ മേഖലയിലെ 20 കിലോമീറ്ററോളം പ്രദേശം വനവുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥാപിച്ച വന്യജീവി പ്രതിരോധ മാർഗങ്ങൾ ശരിയായി ഉപയോഗിക്കുന്നതിന് പകരം കാടുമൂടിയതിന്റെ പേരുപറഞ്ഞ് സ്ഥലം കൈവശപ്പെടുത്താനുള്ള നീക്കമായി ഇതിനെ ആദിവാസി സംഘടനകളും കണക്കാക്കിയിരുന്നു. എതിർപ്പ് രൂക്ഷമായതോടെയാണ് വനംവകുപ്പിന്റെ തുടർനടപടികൾ സ്തംഭനത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story